മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റിലീസിന് പിന്നാലെ ടീസറിലെ സംഗീത് പ്രതാപിന്റെ സീനുകൾ വൈറലാകുകയാണ്.
സംഗീതിന്റെ ഹിറ്റ് ചിത്രമായ പ്രേമലുവിൽ നായകനായ നസ്ലെൻ ഷർട്ടിൽ പിടിച്ചിട്ട് 'ഇനി നടക്കപോറത് യുദ്ധം' എന്ന് പറയുന്ന സീനുണ്ട്. ഇതിനോട് സാമ്യമുള്ള ഒരു സീൻ ഹൃദയപൂർവ്വം ടീസറിൽ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാൽ സംഗീതിന്റെ ഷർട്ടിന് കുത്തിപ്പിടിക്കുന്ന സീനാണ് പ്രേമലുവിനോട് സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'ഇതെന്താ അമൽ ഡേവിസ് യൂണിവേഴ്സോ?, 'ഹൃദയപൂർവ്വം ടീസറിലെ പ്രേമലു റഫറൻസ്' എന്നിങ്ങനെയാണ് പുറത്തുവരുന്ന കമന്റുകൾ. ചിത്രത്തിൽ സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.
സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന് അന്തിക്കാടും മോഹന്ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
AmalDavis Being AmalDavis 😂"ഇനി നടക്കപോറത് യുദ്ധം "#Hridayapoorvam × #Premalu #Mohanlal pic.twitter.com/1mQ8v4vQhH
ആശിര്വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല് പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില് ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്വ്വത്തിനുണ്ട്.
Content Highlights: Premalu reference in Hridayapoorvam teaser goes viral