സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 'മാസ്സ് അപ്പീല്‍'; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

ഒരു ലീഗല്‍/കോര്‍ട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ജൂലെെ 17നാണ് തീയേറ്ററുകളിലെത്തിയത്.

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകന്‍ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 'മാസ്സ് അപ്പീല്‍' തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗല്‍/കോര്‍ട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷന്‍, ത്രില്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയില്‍ നിര്‍ണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

പ്രവീണ്‍ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാന്‍വാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ സംജിത് മുഹമ്മദ് നിര്‍വ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതല്‍ മികച്ചതാക്കി.

Content Highlights: JSK movie gets good response

To advertise here,contact us