സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡി സി യൂണിവേഴ്സിലെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ഇതുവരെ പുറത്തുവന്ന സൂപ്പർമാൻ സിനിമകളിൽ നിന്ന് ഈ സിനിമ മികച്ച് നിൽക്കുന്നെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ ചിത്രത്തിന് വലിയ കളക്ഷൻ നേടാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്തു നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 27.35 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. ആദ്യ ദിനം 6.75 കോടി നേടിയ സിനിമ രണ്ടാം ദിനം മികച്ച പ്രതികരണത്തെത്തുടർന്ന് 9 കോടി വാരിക്കൂട്ടിയിരുന്നു. എന്നാൽ നാലാം ദിനമായ ഇന്നലെ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വെറും 2.85 കോടി മാത്രമാണ് സിനിമയ്ക്ക് ഇന്നലെ നേടാനായത്. അതേസമയം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തിയത്.
ഇന്ത്യയിൽ നിന്ന് ഈ വർഷം ഒരു ഹോളിവുഡ് ചിത്രം നേടുന്ന മൂന്നാമത്തെ വലിയ ഓപ്പണിങ് ആയിരുന്നു സൂപ്പർമാൻ ആദ്യ ദിനം നേടിയത്. പക്ഷെ ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിളിനെ കളക്ഷനിൽ സൂപ്പർമാന് മറികടക്കാനായില്ല. ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിൾ 15.50 കോടി ആയിരുന്നു ആദ്യ ദിനം ഇന്ത്യയിൽ നിന്നും നേടിയത്.
ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. എഡി ഗത്തേഗി, ആന്റണി കാരിഗൻ, നഥാൻ ഫിലിയോൺ, ഇസബെല്ല മെഴ്സ്ഡ്, സ്കൈലർ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെൻഡൽ പിയേഴ്സ്, അലൻ ടുഡിക്, പ്രൂട്ട് ടെയ്ലർ വിൻസ്, നെവ ഹോവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Content Highlights: Superman struggles at indian box office