പണ്ടുണ്ടായിരുന്ന അതേ ആർത്തി സിനിമയോട് ഇപ്പോഴും ഉണ്ട്; ഇന്ദ്രൻസ്

'വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ മോഹമുണ്ടാകും. പക്ഷെ, അപ്പോഴും ഒരു കാര്യം അറിയാം, എന്റെ ശരീരം അതിന് സമ്മതിക്കില്ലല്ലോ'

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമായി തുടരുന്ന നടനാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങളിലൂടെ പ്രക്ഷരുടെ മനം കവർന്ന നടൻ ഇപ്പോൾ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ മാറ്റം വരാന്‍ താനൊന്നും ചെയ്തിട്ടില്ലെന്നും അഭിനയിക്കാന്‍ പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുമെന്നും പ്രായത്തിന്റെയും കാലത്തിന്റെയും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമകളില്‍ ഓരോ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ മോഹം തോന്നാറുണ്ടെന്നും എന്നാല്‍ തന്റെ ശരീരത്തെക്കുറിച്ച് അറിയാമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടർ ടി വി യ്ക്ക് അഭിമുഖത്തിലാണ് പ്രതികരണം.

‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ട്. വരുന്നതെല്ലാം ചെയ്യും. പിന്നെ പ്രായത്തിന്റെ മാറ്റവും കാലവും മാറിവന്നപ്പോള്‍ സിനിമയില്‍ നിന്നും പോകാതെ ഇരുന്നതുകൊണ്ട് പരീക്ഷണങ്ങള്‍ക്ക് പറ്റുന്നു എന്നുമാത്രം. ഉള്ളില്‍ പല കൊതിയും കാണും. ഓരോ സിനിമയിലും വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ മോഹമുണ്ടാകും. പക്ഷെ, അപ്പോഴും ഒരു കാര്യം അറിയാം, എന്റെ ശരീരം അതിന് സമ്മതിക്കില്ലല്ലോ. സിനിമയല്ലേ. അതിന് അതിന്റേതായ കാര്യങ്ങള്‍ വേണ്ടേ എന്നുള്ള തോന്നല്‍ പണ്ട് തോന്നിയിരുന്നു,’ ഇന്ദ്രന്‍സ് പറഞ്ഞു.

അതേസമയം, ഇന്ദ്രൻസിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ കേരള ക്രൈം ഫയൽസ് സീസൺ 2 മികച്ച പ്രതികരണം നേടിയിരുന്നു. സിപിഒ അമ്പിളി രാജു എന്ന വേഷത്തിലാണ് എത്തിയത്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍.

Content Highlights: indrans about malayalam cinema

To advertise here,contact us