നടൻ രജനികാന്തിന്റേതായി ഇനി രണ്ട് സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ലോകേഷ് കനകരാജ് ചിത്രം കൂലിയും നെൽസൺ ഒരുക്കുന്ന ജയിലർ 2 വുമാണ് ആ രണ്ട് സിനിമകൾ. ഈ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദിനൊപ്പവും വിവേക് ആത്രേയക്കൊപ്പവും രജനി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംവിധായകനാണ് അടുത്ത രജനി ചിത്രം ഒരുക്കാനുള്ള നറുക്ക് വീണിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
'മഹാരാജ' എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ നിതിലൻ സ്വാമിനാഥനാണ് അടുത്ത രജനി ചിത്രം ഒരുക്കുന്നത് എന്നാണ് ഇൻഡിസ്ട്രി റിപ്പോർട്ട്, നിതിലൻ്റെ കഥ സൂപ്പർസ്റ്റാറിന് വളരെയധികം ഇഷ്ടമായെന്നും ഉടൻ തന്നെ സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് തമിഴ് ട്രാക്കർമാർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് ഈ സിനിമ നിർമിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് രജനികാന്ത് കൈപറ്റുന്നതെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ മഹാരാജ വലിയ വിജയം നേടിയിരുന്നു. കഴിഞ്ഞ വർഷം തമിഴിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ മഹാരാജയും ഉൾപ്പെട്ടിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി സിനിമയും മഹാരാജ ആയിരുന്നു. ഇന്ത്യയിൽ വലിയ വിജയം നേടിയ സിനിമ ചൈനയിലും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം നേടിയിരുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
- #Rajinikanth is going to act in a film directed by #NithilanSaminathan. Negotiations for this film have been completed.- This film is going to be produced by Red Giant.- Rajinikanth's salary is going to be the highest he has ever received for any film.Official Announcement… pic.twitter.com/OllOBcRO5K
ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയാണ് ഉടൻ പുറത്തിറങ്ങുന്ന രജനി ചിത്രം. ആഗസ്റ്റ് 14 ന് സിനിമ പുറത്തിറങ്ങും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
Content Highlights: Nithilan Swaninadhan to direct next Rajini film