യുഎഇയിൽ നിന്ന് മലയാളത്തിലേക്ക്; 'ചത്ത പച്ച- റിങ് ഓഫ് റൗഡിസി'ൽ ഖാലിദ് അൽ അമേരി

മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'.

മലയാളത്തിലെ ആദ്യത്തെ മുഴുനീള ഗുസ്തി ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' പ്രശസ്ത യുഎഇ ഇൻഫ്ലുൻസർ ഖാലിദ് അൽ അമേരിയും. ചിത്രത്തിൽ അതിഥി വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ ആരാധകവൃന്ദമുള്ള സെലിബ്രിറ്റി ആണ് ഖാലിദ് അൽ അമേരി. പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്.

ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്.

മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു,ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രൻ, എഡിറ്റർ- പ്രവീൺ പ്രഭാകർ, ബി ജി എം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, കോസ്റ്റും- മെൽവി, മേക്കപ്- റോണക്സ് സേവ്യർ, ആർട്ട്‌- സുനിൽ ദാസ്, സ്റ്റണ്ട്- കലൈ കിങ്സ്റ്റൺ, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Khalid Al Ameri to join Malayalam cinema

To advertise here,contact us