ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
അടുത്ത വർഷം ജനുവരി മുതൽ ഡോൺ ത്രീയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രൺവീർ സിംഗ് ദുരന്തർ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. സെപ്റ്റംബറിൽ ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ശേഷം ചിത്രത്തിന്റെ പ്രൊമോഷനായുള്ള തയ്യാറെടുപ്പുകളിലേക്ക് നടൻ കടക്കും. ഇതിന് ശേഷമാകും രൺവീർ ഡോൺ ത്രീയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കൃതി സനോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. കൃതിയുടെ ഭാഗങ്ങളും ജനുവരിയിൽ തന്നെ ചിത്രീകരിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഡോൺ 3യിലേക്ക് നീങ്ങുന്നതിന് മുമ്പ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന 'തേരേ ഇഷ്ക് മേ'യുടെയും ദിനേശ് വിജൻ നിർമ്മിക്കുന്ന 'കോക്ക്ടെയിൽ 2'വിൻ്റെയും ഷൂട്ടിംഗ് കൃതി സനോൻ പൂർത്തിയാക്കും.
അതേസമയം, ചിത്രത്തിൽ ഒരു ബോളിവുഡ് സൂപ്പർതാരം വില്ലനായി എത്തുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ വിക്രാന്ത് മാസിയുടെ പേരാണ് വില്ലൻ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നതെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. പ്രധാനമായും യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. ഷാരൂഖ് ഖാന് പിന്മാറിയതിനെ തുടര്ന്നാണ് രൺവീർ സിംഗ് ഡോണ് എന്ന ടൈറ്റില് റോളില് എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. ചിത്രം 2026 ൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.
Content Highlights: Ranveer singh starring Don 3 shoot update