രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തനിക്കെതിരെ നിര്മ്മാതാവായ ലിസ്റ്റിന് സ്റ്റീഫന് മാനനഷ്ട കേസ് ഫയല് ചെയ്തതിൽ പ്രതികരിച്ച് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയ്ക്ക് ചെയ്യുന്ന ദ്രോഹമെന്തെന്ന് താൻ വിളിച്ചു പറഞ്ഞത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഓപ്പറേഷൻ കുബേര ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലിസ്റ്റിൻ അകത്ത് കിടന്നേനെ. അതില്ലാത്തത് ലിസ്റ്റിന്റെ ഭാഗ്യമാണെന്നും സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
'ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയ്ക്ക് ചെയ്യുന്ന ദ്രോഹമെന്തെന്ന് ഞാൻ വിളിച്ചു പറഞ്ഞു. അത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. അതിൽ നിന്ന് ഞാൻ പിന്നോട്ടില്ല. എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ലിസ്റ്റിൻ എവിടെ നിന്നും തുടങ്ങി, ഇന്ന് എവിടെ നിൽക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതൊക്കെ അന്വേഷണവിധേയമാക്കേണ്ട കാര്യങ്ങളാണ്. ലിസ്റ്റിൻ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ ബിസിനസിനെക്കുറിച്ചും അന്വേഷിക്കണം. ഓപ്പറേഷൻ കുബേര ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലിസ്റ്റിൻ അകത്ത് കിടന്നേനെ. അതില്ലാത്തത് ലിസ്റ്റിന്റെ ഭാഗ്യം. ഞാൻ വട്ടിപലിശക്ക് എടുക്കുന്നുണ്ടെന്നും കൊടുക്കാറുണ്ടെന്നും ലിസ്റ്റിൻ വളരെ ഓപ്പൺ ആയിട്ടാണ് പറഞ്ഞത്. ഇത് പറയാൻ സാധിക്കുന്നത് ലിസ്റ്റിന്റെ അറിവില്ലായ്മയാണോ അതോ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നതെന്നോ അറിയില്ല', സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്രാ തോമസ് നവമാധ്യമങ്ങളിലൂടെ ഉള്പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന് സ്റ്റീഫന്റെ പരാതി. എറണാകുളം ജൂഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്കിയത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരില് നിന്ന് പണം വാങ്ങി മലയാളത്തിലെ നിര്മാതാക്കള്ക്ക് നല്കി ലിസ്റ്റിന് സിനിമയെ നശിപ്പിക്കുന്നുവെന്ന് മുന്പ് സാന്ദ്ര ആരോപിച്ചിരുന്നു.
Content Highlights: Sandra thomas reacts to listin stephen's case