സോഷ്യൽ മീഡിയയിൽ ആകെ ഇപ്പോൾ പൃഥ്വിരാജ് തരംഗമാണ്. ദീപൻ സംവിധാനം ചെയ്ത ഹീറോ എന്ന സിനിമ വീണ്ടും ട്രെൻഡ് ആയതോടെയാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയ സ്റ്റാർ ആയിരിക്കുന്നത്. ചിത്രത്തിൽ തലൈവാസൽ വിജയ് അനൂപ് മേനോനോട് ഒരു ഫൈറ്റ് സീക്വൻസിൻ്റെ മേക്കിങ്ങിനെപ്പറ്റി വിവരിക്കുന്ന സീനുമാണ് പ്രധാനമായും വെെറലാകുന്നത്. ഇതിനിടെ പൃഥ്വിരാജിന്റെ ചില പുതിയ സ്റ്റില്സ് പുറത്തുവന്നപ്പോള് അവയും വന് വെെറലായി.
ബോളിവുഡ് സിനിമയായ സര്സമീൻ ആണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിയുടെ സിനിമ. ഇതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രമാണ് ചർച്ചാവിഷയം. താടി ട്രിം ചെയ്ത ലുക്കിൽ പക്കാ സ്റ്റൈലിഷ് ആയിട്ടാണ് പൃഥ്വി ഈ ചിത്രത്തിലുള്ളത്. നിറയെ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. 'ഈ ചിത്രം കണ്ടപ്പോൾ തന്നെ ചാർജ് ആയി', ഇത് എമണ്ടൻ തന്നെ', 'ഹീറോ സിനിമയിലെ അതേ ലുക്കിൽ പൃഥ്വി', എന്നിങ്ങനെയാണ് പോസ്റ്റിൽ നിറയുന്ന കമന്റുകൾ. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായിരിക്കുന്നത്.
അതേസമയം, പൃഥ്വിയുടെ ബോളിവുഡ് ചിത്രമായ സര്സമീൻ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 25 ന് പുറത്തിറങ്ങും. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ധര്മ്മ പ്രൊഡക്ഷന്സ് ആണ് നിര്മ്മിക്കുന്നത്. കാജോളും സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
Content Highlights: Prithviraj's new look goes viral on social media