മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസ് സംവിധാനത്തിൽ എത്തിയ ക്ലാസ്മേറ്റ്സ്. ഈ സിനിമയിൽ ക്യാമറ ചലിപ്പിച്ചത് രാജീവ് രവി ആയിരുന്നു. ഈ കൂട്ട്കെട്ട് നേരത്തെ ഒന്നിച്ച ചിത്രം രസികൻ പ്രതീക്ഷിച്ച വിജയം ആയിരുന്നില്ല തിയേറ്ററിൽ നേടിയത്. ഇതിന് ശേഷം രാജീവ് രവിയെ കൊണ്ടുവന്നാല് പടം പരാജയപ്പെടുമെന്നുള്ള വിശ്വാസം ഇന്ഡസ്ട്രിയില് വന്നിരുന്നുവെന്നും എന്നാൽ ലാല് ജോസിന്റെ നിര്ബന്ധത്തിലാണ് രാജീവ് ക്ലാസ്മേറ്റ്സ് സിനിമയില് എത്തിയതെന്നും അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് മറുപടി നൽക്കുകയാണ് ലാൽ ജോസ്. സിനിമാഭ്രാന്തന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘അങ്ങനെയൊന്നുമില്ല. സിനിമയില് എല്ലാ കാലത്തും ചില വിശ്വാസങ്ങള് ഉണ്ടാകും. രസികന് പരാജയപ്പെട്ടത് കൊണ്ടല്ല, രാജീവ് അന്ന് മലയാളത്തില് ചെയ്തിരുന്ന സിനിമകള് അത്ര വലിയ വിജയമായിരുന്നില്ല. അതുകൊണ്ടാണ് അത്തരം സംസാരങ്ങള് വന്നത്. എന്നാല് ക്ലാസ്മേറ്റ്സ് സിനിമയുടെ ഇടയില് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ആ സമയത്ത് ഞാന് രാജീവിനെ വിളിക്കുകയും കഥ പറയുകയും ചെയ്യുകയായിരുന്നു. അയാള് കഥ ഇഷ്ടപ്പെട്ടതോടെ ഓക്കെ പറഞ്ഞു.
ക്ലാസ്മേറ്റ്സ് സിനിമയില് രാജീവിനെ കൊണ്ടുവരരുതെന്ന് ഒരിക്കലും എന്നോട് ആരും പറഞ്ഞിരുന്നില്ല. പക്ഷെ ആ കാലത്ത് തുടര്ച്ചയായി വിജയ ചിത്രങ്ങള് വന്നില്ലെങ്കില് ആ വ്യക്തിയെ ആളുകള് ഒഴിവാക്കാറുണ്ടായിരുന്നു. വളരെ റിസ്ക്കുള്ള ഫീല്ഡ് ആയത് കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്ന രീതി വന്നത്. ഒരുപാട് പണം ഇറക്കിയല്ലേ പടം ചെയ്യുന്നത്. അതുകൊണ്ട് ആവശ്യമില്ലാത്ത റിസ്ക്കുകള് എടുക്കാന് ആരും തയ്യാറാവില്ലായിരുന്നു. പക്ഷെ അതിലൊന്നും വിശ്വസിക്കാത്ത ആളാണ് ഞാന്,’ ലാല് ജോസ് പറഞ്ഞു.
Content Highlights: Lal Jose says no one told him not to do the film Classmates with Rajeev Ravi