ബോളിവുഡ് ചിത്രമായ ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തിൽനിന്ന് മുഖ്യകഥാപാത്രം ചെയ്യേണ്ടിയിരുന്ന നടൻ പരേഷ് റാവൽ പിന്മാറിയതും തുടർന്ന് അദ്ദേഹത്തിന് നേരെ അണിയറപ്രവർത്തകർ നടത്തിയ നിയമപോരാട്ടമൊക്കെ വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ ടീസര് ചിത്രീകരിക്കുകയും പ്രതിഫലത്തിന്റെ അഡ്വാൻസ് കൈപ്പറ്റുകയും ചെയ്ത ശേഷമായിരുന്നു പരേഷ് റാവല് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് താൻ സിനിമയിൽ അഭിനയിച്ചേക്കുമെന്ന് പരേഷ് പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിലേക്ക് താരം തിരിച്ചെത്തിയെന്ന് ഉറപ്പിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ് പരേഷ് റാവൽ തിരിച്ചെത്തിയതിനെക്കുറിച്ച് പ്രിയദർശൻ പ്രതികരിച്ചത്. പരേഷ് റാവലും ചിത്രത്തിന്റെ നിർമാതാവും പ്രധാന നടന്മാരിലൊരാളുമായ അക്ഷയ് കുമാറും ഫോണിൽ വിളിച്ച് എല്ലാം ശരിയായെന്ന് പറഞ്ഞെന്നും പ്രിയദർശൻ പറഞ്ഞു. ഹേരാ ഫേരി 3 യിൽ അഭിനയിക്കാമെന്ന് പരേഷ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രിയദർശൻ തുറന്നുപറഞ്ഞു.
'സാറിനോട് ബഹുമാനം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാൻ നിങ്ങളോടൊപ്പം 26 സിനിമകൾ ചെയ്തിട്ടുണ്ട്, പിന്മാറിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാനും അക്ഷയും സുനിൽ ഷെട്ടിയും നേരിട്ട് കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കിയിട്ടുണ്ട്', എന്നായിരുന്നു പരേഷിന്റെ വാക്കുകളെന്ന് പ്രിയദർശൻ വ്യക്തമാക്കി. പരേഷ് റാവൽ ഇല്ലാതെ ഹേരാ ഫേരി എന്ന സിനിമ പൂർണമാകില്ലെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
'ആ മൂന്ന് പ്രധാന കഥാപാത്രങ്ങളില്ലാതെ ഹേരാ ഫേരി സംഭവിക്കില്ല. അടുത്തിടെ, ഒരു വിമാനത്തിൽ, ഒരു വജ്ര വ്യാപാരിയും അദ്ദേഹത്തിന്റെ കുടുംബവും എന്റെ അടുത്ത് വന്ന് പരേഷിനെ തിരികെ കൊണ്ടുവരാൻ എന്നോട് അഭ്യർത്ഥിച്ചു. അല്ലെങ്കിൽ അവർ സിനിമ കാണില്ലെന്ന് പറഞ്ഞു' പ്രിയദർശൻ വെളിപ്പെടുത്തി. നേരത്തേ പരേഷ് റാവലിന്റെ പിന്മാറ്റത്തിനുപിന്നാലെ അക്ഷയ് കുമാറിന്റെ നിര്മാണക്കമ്പനി 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല് നോട്ടീസ് അയച്ചിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. അടുത്തവര്ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
Content Highlights: paresh rawal will act in Hera Pheri 3 says Priyadarshan