കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രത്തിൽ താൻ കാമിയോ റോളിൽ എത്തുന്നുണ്ടെന്ന കാര്യം നേരത്തെ ഒരു അഭിമുഖത്തിൽ ആമിർ ഖാൻ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണാടിയും വെച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ പക്കാ മാസ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. പത്ത് ദിവസമാണ് കൂലിയ്ക്കായി ആമിർ ഖാൻ ഷൂട്ട് ചെയ്തത്. ആമിറിന്റെ രംഗങ്ങൾ തിയേറ്ററിൽ വലിയ ആവേശമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ആമിർ സിനിമയിലെത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Introducing #AamirKhan as Dahaa, from the world of #Coolie 😎⚡#Coolie is all set to dominate IMAX screens worldwide from August 14th 🔥@rajinikanth @Dir_Lokesh @anirudhofficial @iamnagarjuna @nimmaupendra #SathyaRaj #SoubinShahir @shrutihaasan @anbariv @girishganges… pic.twitter.com/QZix5fQSTy
താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പ്രദർശനത്തിനെത്തും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Aamir Khan poster from Coolie out now