ഗജിനിയെ മറികടന്നു, ഇനി ആമിറിന് മുന്നിലുള്ളത് ആ അഞ്ച് സിനിമകൾ; കളക്ഷൻ വാരിക്കൂട്ടി 'സിത്താരെ സമീൻ പർ'

1910 കോടിയുമായി ദംഗൽ ആണ് ഒന്നാം സ്ഥാനത്ത്

ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 200 കോടിയിലേക്ക് അടുക്കുകയാണ്. 195 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള നേട്ടം. ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ 108.15 കോടി നേടിയെന്നാണ് സാക്നിൽക്കിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ സിത്താരെ സമീൻ പർ ആമിറിൻ്റെ തന്നെ ചിത്രമായ ഗജിനിയെ പിന്നിലാക്കി. 194.60 കോടി ആയിരുന്നു ഗജിനിയുടെ കളക്ഷൻ. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആമിർ ഖാൻ സിനിമകളിൽ ആറാം സ്ഥാനത്താണ് സിത്താരെ സമീൻ പർ. 1910 കോടിയുമായി ദംഗൽ ആണ് ഒന്നാം സ്ഥാനത്ത്.

പികെ, ധൂം 3, 3 ഇഡിയറ്റ്സ്, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റു സിനിമകൾ. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Content Highlights: Sitaare Zamin Par crossed Ghajini collection at box office

To advertise here,contact us