800 കോടിയ്ക്കും മുകളിൽ ബജറ്റ്, ദൃശ്യവിസ്മയമാകാൻ 'രാമായണ'; അനൗൺസ്‌മെന്റ് ടീസർ ഉടനെത്തും

ചിത്രത്തിന്റെ ഒഫീഷ്യൽ ലോഗോയും ഇതോടൊപ്പം ലോഞ്ച് ചെയ്യും

ഇന്ത്യൻ ഇതിഹാസം രാമായണത്തിന്റെ ദൃശ്യാവിഷ്ക്കാരം നിതീഷ് തിവാരി ഒരുക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസറിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 3 ന് ഉണ്ടാകുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഗോയും ഇതോടൊപ്പം ലോഞ്ച് ചെയ്യും. സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കും രണ്ടാം ഭാഗം 2027 ദീപാവലിയ്ക്കുമാണ് പുറത്തിറങ്ങാനിരിക്കുന്നത്. അതോടൊപ്പം മൂന്ന് മിനിറ്റ് നീളമുള്ള സിനിമയുടെ ടീസറും അണിയറപ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ടീസർ ജൂലൈ 3 ന് പുറത്തിറക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിൽ രാമനായി രൺബീർ കപൂർ, സീതാ ദേവിയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, രാവണനായി യാഷ്, ഹനുമാൻ ആയി സണ്ണി ഡിയോൾ എന്നിവർ എത്തുന്നു. രാജ്യത്തെ പ്രമുഖ നിർമാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും നടൻ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രീയേഷൻസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിർമിക്കുന്നത്. ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസ് ആണ് സിനിമയ്ക്കായി ആക്ഷൻ സീനുകൾ കൈകാര്യം ചെയ്യുന്നത്.

Content Highlights: Ramayana movie announcement teaser out soon

To advertise here,contact us