ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാഞ്ചൈസി ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. എട്ട് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിൽ അവസാനം പുറത്തിറങ്ങിയ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടിയത്. എന്നാൽ ബോക്സ് ഓഫീസിൽ സിനിമയ്ക്ക് നഷ്ടം നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസിൽ കളക്ഷൻ 562 മില്യൺ യുഎസ് ഡോളറാണ്. ഇതിൽ 186 മില്യൺ ഡോളർ യു എസ് മാർക്കറ്റിൽ നിന്നും ബാക്കി 376 മില്യൺ യു എസ് ഡോളർ മറ്റു ഇന്റർനാഷണൽ മാർക്കറ്റുകളിൽ നിന്നുമാണ് സിനിമ നേടിയത്. എന്നാൽ 300 മില്യണിൽ യു എസ് ഡോളറിൽ അധികം ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വിജയിക്കണമെങ്കിൽ 800 മില്യണിൽ അധികം നേടണം. നിലവിലെ തിയേറ്ററിലെ റൺ അനുസരിച്ച് 600 മില്യൺ വരെ മാത്രമേ സിനിമയ്ക്ക് നേടാനാകുകയുള്ളൂ എന്നാണ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഏകദേശം 200 മില്യൺ യു എസ് ഡോളറിന്റെ നഷ്ടമാണ് സിനിമയ്ക്ക് നേരിടേണ്ടി വരിക.
'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്ലി അറ്റ്വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Mission Impossible to loose 200 million USD at global box office