ആ സിനിമയിലെ ഉർവശിയുടെ ട്രാൻസ്ഫർമേഷൻ സീൻ കണ്ട് ഞാൻ പേടിച്ച് പോയി: അർജുൻ രാധാകൃഷ്ണൻ

കണ്ണൂർ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, പട തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് അർജുൻ രാധാകൃഷ്‍ണൻ

കണ്ണൂർ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, പട തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് അർജുൻ രാധാകൃഷ്‍ണൻ. പാർവതി തിരുവോത്ത്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലും അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ നടി ഉർവശിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടൻ. ചിത്രത്തിലെ ഒരു സീനിൽ ഉർവശിയുടെ ട്രാൻസ്ഫർമേഷൻ കണ്ട് പേടിച്ച് പോയെന്ന് മനസുതുറക്കുകയാണ് അർജുൻ രാധാകൃഷ്ണൻ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ ഇക്കാര്യം മനസുതുറന്നത്‌.

'ഉള്ളൊഴുക്കിൽ എനിക്കും ഉർവശിക്കും കോമ്പിനേഷൻ സീനുകൾ വളരെ കുറവാണ്. സിനിമയിൽ ഉർവശി കൈകാര്യം ചെയ്യുന്നതെല്ലാം വളരെ ഇമോഷണലി ഹെവിയായ സീനുകളാണ്. സെറ്റിൽ ഞാൻ എന്നും ഉണ്ടാവാറുണ്ട്. അവിടെ ഉർവശി മാം വളരെ കൂൾ ആണ്. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇങ്ങനെ പറന്ന് നടക്കും. ഒരു ദിവസം വളരെ പ്രധാനപ്പെട്ട ഒരു സീൻ എടുക്കുകയായിരുന്നു. അതുവരെ തമാശ പറഞ്ഞ് നടന്നിരുന്ന ഉർവശി, ആക്ഷൻ വിളിച്ചപ്പോൾ പെട്ടന്ന് ആളാകെ മാറി. ആ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ പേടിച്ച് പോയി', അർജുൻ പറഞ്ഞു.

കഴിഞ്ഞ ജൂണ‍ില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയിൽ ചർച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉർവശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു. 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

അതേസമയം അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് സീസൺ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അർജുൻ രാധാകൃഷ്ണന്റെ പ്രോജക്റ്റ്. സീരിസിൽ എസ്.ഐ നോബിൾ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. സീരീസ് ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Content Highlights: Arjun radhakrishnan talks about Urvashi's performance in Ullozhukku

To advertise here,contact us