ദൃശ്യം 3 ന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നതും തന്റെ കഥയില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സംവിധായകന് ജീത്തു ജോസഫ്. മൂന്ന് പതിപ്പും ഒരുമിച്ച് ഇറക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലെെവിനോട് പറഞ്ഞു. മലയാളം വേർഷനിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ കഥയുമായിട്ടാണ് ഹിന്ദി ദൃശ്യം 3 ഒരുങ്ങുന്നതെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരിക്കുകയാണ് ജീത്തു ജോസഫ്. മലയാളത്തിന്റെ അതേ പതിപ്പ് തന്നെയാണ് ഹിന്ദിയിൽ ഒരുങ്ങുന്നതെന്നും സ്ക്രിപ്റ്റ് പൂർത്തിയായാൽ ഉടൻ ബോളിവുഡ് നിർമാതാക്കൾക്ക് കൈമാറുമെന്നും ജീത്തു ജോസഫ് റിപ്പോർട്ടറിനോട് പറഞ്ഞു.
'ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നല്‍കിയിട്ടില്ല, അതുകൊണ്ട് തന്നെ ബോളിവുഡ് പുതിയ വേർഷനാണ് ചെയ്യാൻ ഒരുങ്ങുന്നതെന്ന വാർത്ത തെറ്റാണ്. ബോളിവുഡ് പതിപ്പിന്റെ സംവിധായകൻ അഭിഷേക് പഥക് എന്നെ കാണാൻ കൊച്ചിയിൽ വന്നിരുന്നു. അവരും എന്റെ സ്ക്രിപ്റ്റിന് കാത്തിരിക്കുകയാണ്. ഞാൻ സ്ക്രിപ്റ്റ് എഴുതുന്നതെ ഉള്ളൂ. അത് എഴുതിക്കഴിഞ്ഞാൽ ഞാൻ ബോളിവുഡ് പതിപ്പിനും കൂടി കൈമാറും', ജീത്തു ജോസഫ് പറഞ്ഞു.
ഹിന്ദി പതിപ്പിനൊപ്പം തെലുങ്ക് വേർഷനും ഒരുമിച്ച് പുറത്തിറക്കാനുള്ള പദ്ധതിയുണ്ടെന്നും ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 'തെലുങ്കിനും സ്ക്രിപ്റ്റ് നൽകാൻ സാധ്യത ഏറെയാണ്. തെലുങ്ക് ദൃശ്യം പതിപ്പിന്റെ നിർമാതാക്കളും സ്ക്രിപ്റ്റ് പൂർത്തിയാകുമ്പോൾ കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തെലുങ്കിലെ നിർമാതാവ് ആശിര്‍വാദുമായി സംസാരിച്ചിട്ടുണ്ട്', എന്നും ജീത്തു ജോസഫ് പറഞ്ഞു.
മലയാളവും ഹിന്ദി പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യണമെന്ന താൽപര്യം ബോളിവുഡ് നിർമാതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. 'മലയാളവും ഹിന്ദി പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യണമെന്ന താൽപര്യം അവർ പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം മലയാളത്തിൽ ആദ്യ ഇറങ്ങുമ്പോൾ അതിന്റെ ഐഡിയ എല്ലാം പുറത്താകും. ഇപ്പോൾ മലയാളികൾ അല്ലാത്ത നിരവധി പേർ ദൃശ്യം സീരീസിനെ ഫോളോ ചെയ്യുന്നത് കൊണ്ട് അവർ മലയാളം ആദ്യം കാണും. അത് ബോളിവുഡിനെ ബാധിക്കും', എന്നും ജീത്തു ജോസഫ് പറഞ്ഞു.
സിനിമയുടെ റിലീസിനെപ്പറ്റി ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ജീത്തു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ദൃശ്യം 3 മലയാളം പതിപ്പിന്റെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങുമെന്ന അപ്ഡേറ്റ് ആശിര്‍വാദ് സിനിമാസ് പങ്കുവെച്ചിരുന്നു. 'കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും സിംഹളയുമുള്പ്പെടെ നിരവധി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു നായകരായത്.
Content Highlights: Jeethu Joseph about Malayalam and hindi Drishyam 3