ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
ആദ്യ ദിനം പതിയെ തുടങ്ങിയ സിനിമയ്ക്ക് ദിവസങ്ങൾ കഴിയുംതോറും തിരക്ക് കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിവിആർ, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ളെക്സുകളിൽ ആദ്യ ദിവസത്തേക്കാൾ ഇരട്ടി ടിക്കറ്റുകളാണ് സിനിമ മൂന്നാം ദിനമായ ഇന്ന് വിറ്റിരിക്കുന്നത്. ആദ്യ ദിനം 49,500 ടിക്കറ്റ് ആണ് സിനിമ വിറ്റത്. അതേസമയം, ഇന്ന് 1,55,000 ടിക്കറ്റുകൾ വിൽക്കാൻ സിനിമയ്ക്ക് സാധിച്ചു. രണ്ടാം ദിവസമായ ഇന്നലെ 80,000 ടിക്കറ്റുകൾ സിനിമ വിറ്റഴിച്ചു. കളക്ഷനിലും സിത്താരെ സമീൻ പർ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വെള്ളിയാഴ്ച 10.50 കോടിയാണ് സിനിമയ്ക്ക് നേടാനായതെങ്കിൽ അത് രണ്ടാം ദിവസം 20 കോടി രൂപയായി വർധിച്ചു. മൂന്നാം ദിനം ഇതിലും കളക്ഷൻ കൂടുമെന്നാണ് പ്രതീക്ഷ.
1AM SHOWS ADDED IN MUMBAI FOR #SitaareZameenPar 🔥🔥🔥Day 3 - 30 cr 🔥🔥 pic.twitter.com/m1jzbtpqFw
ഡബിൾ മീനിംഗിന്റെയോ കളിയാക്കലുകളുടെയോ അകമ്പടിയില്ലാതെയാണ് സിത്താരെ സമീൻ പറിലെ തമാശകൾ ഒരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നല്ലൊരു അനുഭവം ആയി മാറുന്നു എന്നാണ് ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജംവാൽ എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.
#SitaareZameenPar day wise advance bookings in National Chains!Friday: 49,500 ticketsSaturday: 80,000 ticketsSunday: 1,55,000 tickets 💥🔥THE RESURGENCE OF AAMIR KHAN IS HERE! 💥 #AamirKhan pic.twitter.com/jL862z5EFL
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള് സാവ്ധാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര് എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.
Content Highlights: Sitaare Zameen Par record more than 100% growth in ticket sales