പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റേതായി ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹൊറർ കോമഡി വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. വലിയ കാൻവാസിൻ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാജാസാബിലെ പാലസും മറ്റ് സെറ്റുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാരാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ഇപ്പോഴിതാ തന്റെ വരാനിരിക്കുന്ന മലയാള സിനിമകളെക്കുറിച്ചും ഭ്രമയുഗം എന്ന ചിത്രത്തെക്കുറിച്ചും പറയുകയാണ് രാജീവൻ.
'ഭ്രമയുഗം ഇഷ്ടപ്പെട്ടു, പക്ഷെ അത് ബ്ലാക്ക് ആൻഡ് വൈറ്റിനെക്കാൾ കളർ ആയിരുന്നേൽ കുറച്ചു കൂടി ഇമ്പാക്ട് ഉണ്ടാകുമായിരുന്നു. ഞാൻ മലയാളത്തിൽ കത്തനാർ എന്ന സിനിമ ചെയ്യുന്നുണ്ട്. സിനിമ 3 ഡി അല്ല. ഇതുവരെ 3 ഡി പ്ലാൻ ചെയ്തിട്ടില്ല. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിലും വർക്ക് ചെയ്യുന്നുണ്ട്,' രാജീവൻ നമ്പ്യാർ പറഞ്ഞു.
രാജാസാബ് സിനിമയുടെ സെറ്റിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാനാണ് എനിക്കിഷ്ടം. ഇതിൽ ആ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാൻ വേണ്ടി കളർ, ഷേപ്പ്, എല്ലാം വ്യത്യസ്തമാക്കി, കോർണേഴ്സ് വേണ്ടാന്ന് വെച്ചു, എല്ലാ സൈഡും കർവ്ഡാണ്. അത് ഒരു ഗോസ്റ്റ്ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണ്. ഏകദേശം 42,000 സ്ക്വയർ ഫീറ്റ് വലുപ്പമുണ്ടാകും പാലസിന്,' രാജീവൻ പറഞ്ഞു.
വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന രാജാസാബ് ഈ വർഷം ഡിസംബർ അഞ്ചിനാണ് തിയേറ്ററിലെത്തുന്നത്. മാളവിക മോഹനൻ, നിധി അഗർവാൾ എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.
Content Highlights: Art director Rajeevan said if Bramayugam was not black and white but colour, it would have had more impact