ഒരുകാലത്ത് മദ്യത്തിന് അടിമയായിരുന്നു താനെന്ന് തുറന്ന് പറഞ്ഞയാളാണ് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. പിന്നീട് ആ ശീലം നിർത്തിയ അദ്ദേഹം വർഷങ്ങളായി മദ്യം കൈകൊണ്ട് പോലും തൊട്ടിട്ടിലെന്നും വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ മദ്യവും മതങ്ങളും ഒരുപോലെയാണെന്ന് പറയുകയാണ് ജാവേദ് അക്തർ.
മദ്യം മോശമാണോ നല്ലതാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാം ഒരു പരിതി കഴിഞ്ഞാൽ മോശമാണെന്നും ആളുകൾക്ക് എവിടെ നിർത്തണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആജ് തക്ക് റേഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദ്യത്തിനും മതങ്ങൾക്കും ഒരുപാട് കാര്യങ്ങൾ പൊതുവായുണ്ട്. അമേരിക്കയിൽ ഒരിക്കൽ ഒരു സർവേ നടന്നിരുന്നു, ദിവസവും മദ്യപിക്കുന്നവരാണോ അതോ മദ്യം കുടിക്കാത്തവരാണോ കൂടുതൽ കാലം ജീവിക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു സർവേ. എന്നാൽ അത്താഴത്തിന് മുമ്പ് രണ്ട് പെഗ് മദ്യം കഴിക്കുന്നവര്ക്കാണ് ദീർഘായുസ്സ് കൂടുതലെന്ന് ഈ സർവെ കണ്ടെത്തി. മരുന്നുകളിൽ മദ്യമുണ്ട്, അപ്പോൾ അത് എങ്ങനെ മോശമാകും? അമിത ഉപയോഗമാണ് മോശമാകുന്നത്. ഒരു വ്യക്തി രണ്ട് ഗ്ലാസ് പാൽ കുടിച്ചാൽ അവന് മതിയാകും എന്നാൽ രണ്ട് ഗ്ലാസ് മദ്യം അവർക്ക് പോരാ. അവർക്ക് രണ്ടിൽ നിർത്താൻ അറിയില്ല.
ഇത് പോലെയാണ് മതത്തിന്റെ കാര്യവും, ഒരു വ്യക്തി കുറച്ചൊക്കെ റിലീജിയസ് ആകുന്നതിൽ കുഴപ്പമില്ല എന്നാൽ ഒരുപാടായാൽ പ്രശ്നമാണ്. മതം രണ്ട് പെഗ് വരെ ഓക്കെയാണ് മദ്യവും, എന്നാൽ ആളുകൾക്ക് രണ്ടിൽ നിർത്താൻ അറിയില്ല, അതിനാൽ അവ അകറ്റിനിർത്തുന്നതാണ് നല്ലത്,' എന്നായിരുന്നു ജാവേദ് അക്തർ പറഞ്ഞത്.
Content Highlights- Javed Akhtar compares alcohol with religion, says if people stops at two pegs it is okay