റിലീസാകും മുന്നേ റഫറൻസായി മാറി 'കൂലി', തെലുങ്കിലും തരംഗമാകുമോ രജനി ചിത്രം; വൈറലായി വീഡിയോ

വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന സിനിമയെക്കുറിച്ച് പറഞ്ഞത്

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളെ കുറിച്ചും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ റിലീസിനും മാസങ്ങൾക്കും മുൻപേ ഒരു ചിത്രത്തിൽ വന്ന കൂലിയുടെ റഫറൻസ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ശ്രീ വിഷ്ണു നായകനായി എത്തിയ 'സിംഗിൾ' എന്ന തെലുങ്ക് സിനിമയിലാണ് കൂലിയുടെ റഫറൻസ് വരുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വെണ്ണേല കിഷോർ മറ്റൊരാളോട് 'കൂലികൾ എന്നാൽ ചീപ്പ് എന്നാണോ കരുതുന്നത്. ലോകേഷ് കനകരാജിന്റെ അടുത്ത സിനിമയുടെ പേര് കൂലി എന്നാണ്. രജനികാന്ത് ആണ് നായകൻ', എന്ന് പറയുന്ന സീനാണ് വൈറലാകുന്നത്. റിലീസിന് മുൻപ് തന്നെ സിനിമയുടെ റഫറൻസ് ഉപയോഗിക്കുന്നെന്നും കൂലിയുടെ ഹൈപ്പ് വർധിക്കുന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ചിത്രം തെലുങ്കിലും വലിയ കളക്ഷൻ നേടുമെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. റഫറൻസ് ഉൾപ്പെടുന്ന സിനിമയിലെ സീനും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന സിനിമയെക്കുറിച്ച് പറഞ്ഞത്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ വ്യക്തമാക്കി.

ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം 80 കോടിക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. അതേസമയം, സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Refrence #Rajinikanth #Coolie in Single movie another 2 r 3 rajini references are there pic.twitter.com/zCCWoMxvFg

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Content Highlights: Coolie referance in Telugu film Single goes viral

To advertise here,contact us