ഇത്തവണ ശരിക്കും തിയേറ്റർ കുലുങ്ങും! 'കൈതി 2' വിൽ ദില്ലിക്കൊപ്പം റോളക്‌സും വിക്രമും എത്തും?; റിപ്പോർട്ട്

ചിത്രത്തിൽ കമൽ ഹാസന്റെ വിക്രം എന്ന കഥാപാത്രവും എത്തുമെന്നാണ് സൂചനകൾ

തമിഴ് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

കാർത്തി അവതരിപ്പിക്കുന്ന ദില്ലിയും സൂര്യയുടെ റോളക്‌സ്‌ എന്ന കഥാപാത്രവും കൈതി 2 വിൽ നേർക്കുനേർ വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ കമൽ ഹാസന്റെ വിക്രം എന്ന കഥാപാത്രവും എത്തുമെന്നാണ് സൂചനകൾ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അനുഷ്ക ഷെട്ടി എത്തുമെന്നും തമിഴ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അലക്സ് പാണ്ട്യൻ എന്ന സിനിമയ്ക്ക് ശേഷം കാർത്തിയും അനുഷ്‌കയും ഒന്നിക്കുന്ന സിനിമയാകും ഇത്.

'കൈതി 2 ന്റെ വർക്കുകൾ ഒരു മാസം മുന്നേ ആരംഭിച്ചു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും,' എന്നാണ് സിനിമയുടെ നിർമാതാവ് എസ് ആർ പ്രഭു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 'മെയ്യഴകൻ' സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് കൈതി 2 ഒരുങ്ങുന്നതായി കാർത്തി പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയിൽ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതും ഈ ചിത്രത്തിന് മേൽ ഹൈപ്പ് കൂട്ടുന്ന കാരണങ്ങളിൽ ഒന്നാണ്.

അതേസമയം കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Content Highlights: Rolex and Vikram to join Kaithi 2?

To advertise here,contact us