ഇനി കാണാൻ പോകുന്നത് 'തല'യുടെ ഇന്റർനാഷണൽ വിളയാട്ടം; ഛോട്ടാ മുംബൈ വിദേശത്തേക്ക് പറക്കാൻ വിസ എടുത്തിട്ടുണ്ട്

ഛോട്ടാ മുംബൈ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും പല തിയേറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായി തുടരുകയാണ്. ഇപ്പോഴിതാ സിനിമ യുകെ, യൂറോപ്പ് തുടങ്ങി വിദേശത്തും പ്രദർശനത്തിന് ഒരുങ്ങുകയാണ്.

സിനിമ റിലീസ് ചെയ്ത് കേരളത്തിൽ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള പ്രേക്ഷകരുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലെ ഗാനങ്ങൾക്കൊത്ത് പ്രേക്ഷകർ ഡാൻസ് ചെയ്യുന്നതും, ഡയലോഗുകൾ പറയുന്നതുമൊക്കെ വീഡിയോകളിൽ കാണാവുന്നതാണ്.

Thalaaaaaaa 🧑‍🎤💃🕺#ChottaMumbai coming soon to the UK & Europe 🔥 https://t.co/LITVzBVelL pic.twitter.com/Ft3wA9loMY

ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

ജനപ്രീതി കണക്കിലെടുത്ത് സിനിമയുടെ ഷോകളും സ്‌ക്രീനുകളും ഇനിയും ഉയരാനാണ് സാധ്യത. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്.

ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights Chotta Mumbai coming soon to the UK and Europe

To advertise here,contact us