രണ്ട് വേർഷനൊക്കെ ഇറക്കിയിട്ടിട്ട് എന്തായി?, 'ഹൗസ്ഫുൾ 5' കൂടുതൽ നേട്ടം ഏത് പതിപ്പിന്?

വ്യത്യസ്ത ക്ലെെമാക്സുകളുള്ള ഹൗസ്ഫുൾ 5 A, ഹൗസ്ഫുൾ 5 B എന്നീ രണ്ട് വേര്‍ഷനുകളാണ് ഒരേ സമയം തിയേറ്ററുകളിലെത്തിയത്

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം തിയേറ്ററിൽ ഹൗസ് ഫുള്ളായി തുടരുകയാണ്. സിനിമയ്ക്ക് ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് വേർഷനുകൾ ഉണ്ട്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളായിരിക്കും കൊലയാളികളാകുന്നത്. ഈ രണ്ട് പതിപ്പുകളിൽ ഏത് പതിപ്പിനാണ് ഏറ്റവും കൂടുതൽ നേട്ടമെന്ന റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.

ബോളിവുഡ് ഹങ്കാമയുടെ റിപ്പോർട്ടുകൾ പ്രകാരം ഹൗസ്ഫുൾ 5A ആണ് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്നത്. അതേസമയം രണ്ടാം പതിപ്പായ ഹൗസ്ഫുൾ 5B യ്ക്ക് വലിയ തോതിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനായില്ല എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. രണ്ട് വേർഷനുകൾക്കും തുല്യമായ സ്ക്രീനുകൾ ആയിരുന്നു ആദ്യം നൽകിയിരുന്നത്. എന്നാൽ മികച്ച പ്രതികരണം ലഭിക്കുന്നതോടെ ഹൗസ്ഫുൾ 5A യുടെ ഷോകൾ വർധിപ്പിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ്. 111.75 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. ആദ്യ ദിനത്തിൽ 24 കോടിയായിരുന്നു സിനിമയുടെ കളക്ഷനെങ്കിൽ രണ്ടാം ദിനം അത് 31 കോടിയായി. മൂന്നാം ദിവസം മാത്രം സിനിമ 32 കോടി കളക്ഷൻ നേടി.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Which Housefull version shines in box office?

To advertise here,contact us