കളക്ഷനിൽ ഇന്ത്യൻ 2 നേക്കാൾ പിന്നിൽ; ആദ്യ വാരാന്ത്യത്തിൽ ബോക്സ് ഓഫീസില്‍ വീണ് തഗ് ലൈഫ്

ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ സിനിമയ്ക്ക് ഇന്ത്യൻ ബോക്സ് ഓഫീസിൽ 50 കോടി ക്ലബില്‍ പോലും എത്താന്‍ സാധിച്ചില്ല

കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ സിനിമയ്ക്ക് ഇന്ത്യൻ ബോക്സ് ഓഫീസിൽ 50 കോടി ക്ലബില്‍ പോലും എത്താന്‍ സാധിച്ചില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആദ്യദിനത്തിൽ ചിത്രം 15.5 കോടിയായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. എന്നാൽ അടുത്ത ദിവസം അത് 7.15 കോടിയായി കുറഞ്ഞു. ശനിയാഴ്ച കളക്ഷൻ അല്പം വർദ്ധിച്ച് 7.75 കോടി നേടി. ഞായറാഴ്ച 5.24 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആദ്യ വാരാന്ത്യത്തിൽ അകെ സിനിമ നേടിയത് 35.64 കോടി രൂപയാണ്.

ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്.

രണ്ട് മണിക്കൂർ 45 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Thug Life Indian Box Office Collection

To advertise here,contact us