ബജറ്റ് 120 കോടി, നേടിയത് 260 കോടി; വിജയ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്

കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് ഇത്

ഗില്ലിയ്ക്കും, സച്ചിനും ശേഷം അടുത്തതായി വിജയ്‌യുടെ മെർസൽ ആണ് തിയേറ്ററിൽ എത്താനിരിക്കുന്നത്. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 20 ന് സിനിമ തിയേറ്ററിൽ എത്തും. 2017 ൽ അറ്റ്ലീയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് മെർസൽ. എ ആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്ക് സംഗീതം നൽകിയിരുന്നത്. വിജയ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുടെ പേരിൽ ബിജെപിയുടെ എതിർപ്പിനിരയായ ചിത്രം കൂടിയാണ് മെർസൽ. ചരക്ക് നികുതി, ജിഎസ്ടി ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് റീ സെൻസർ ചെയ്തിരുന്നു. 120 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. വിജയ്‍യുടെ റിപ്പീറ്റ് വാല്യുവുള്ള ഒരു ചിത്രമായിട്ടാണ് മെര്‍സലിനെ കണക്കാക്കുന്നതും.

#ThalapathyVijay's #Mersal Re Releasing in Kerala on June 20.Vijay's Bday Special Release Distribution Via Roshika Enterprises Release pic.twitter.com/D3dVm2aPaw

അതേസമയം, റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി 32 കോടിയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സച്ചിനും തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളെയും മറികടന്ന് മെർസൽ തിയേറ്ററിൽ കത്തിക്കയറുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. വിജയ്‌യുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന സിനിമയാകും ഇത്.

Content Highlights: Vijay's film Mersal is back in theaters

To advertise here,contact us