ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു ആദ്യ വിവാഹം എന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. ആദ്യ പങ്കാളി ആയിരുന്ന റീനയെ താൻ കുറ്റം പറയില്ലെന്നും വിവാഹം കഴിച്ച പ്രായം ആയിരുന്നു പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. രാജ് ശമാനിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ജീവിതത്തില്‍ എടുത്ത ഖേദിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആമിര്‍ ഖാന്റെ മറുപടി.
'ഒന്നല്ല, ഒരുപാട് തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. റീനയുമായുള്ള വിവാഹം വളരേ നേരത്തേയായിരുന്നു. എനിക്ക് 21-ഉം അവള്‍ക്ക് 19-ഉം ആയിരുന്നു പ്രായം. എനിക്ക് നിയമപരമായി വിവാഹംചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ വിവാഹം നടത്തി, ഏപ്രില്‍ 18ന്. ഞങ്ങള്‍ തമ്മില്‍ നാലുമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നിച്ച് അധികം സമയംപോലും ചെലവഴിച്ചിരുന്നില്ല. ഞങ്ങള്‍ പരസ്പരം ഒരുപാട് സ്നേഹിച്ചു. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞങ്ങള്‍ വിവാഹം കഴിക്കും മുന്‍പ് കൂടുതല്‍ ആലോചിക്കേണ്ടിരുന്നുവെന്ന് തോന്നുന്നു. ചെറുപ്പവും അശ്രദ്ധയും കാരണം ഞങ്ങള്‍ക്ക് പലകാര്യങ്ങളും തിരിച്ചറിയാന്‍ സാധിച്ചില്ല', ആമിര്‍ ഖാന് പറഞ്ഞു.
'റീനയ്ക്കൊപ്പം നല്ല ജീവിതമായിരുന്നു. എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കരുത്. റീനയല്ല, വിവാഹംചെയ്ത സമയമായിരുന്നു പ്രശ്നം. റീന മികച്ചൊരു വ്യക്തിയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിച്ചു, ഒരുപാട് സ്നേഹിച്ചു. എന്നാല്‍, ഇത്രയും ചെറിയ പ്രായത്തില്‍, ധൃതി പിടിച്ച് ഇത്രയും വലിയൊരു തീരുമാനം എടുക്കാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്', ആമിര്‍ കൂട്ടിച്ചേർത്തു.
Content Highlights: Aamir Khan says his first marriage was the wrong decision in his life