'ജോർജിനെ ചേർത്തുനിർത്തിയ എല്ലാവർക്കും നന്ദി'; പ്രേമത്തിലെ ആരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് നിവിൻ പോളി

ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകളും ബിഹൈൻഡ് ദി സീൻ ചിത്രങ്ങളുമാണ് നിവിൻ പങ്കുവെച്ചിരിക്കുന്നത്

dot image

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' പുത്തൻ റെക്കോർഡുകൾ മാത്രമല്ല ഒരിക്കലും മറക്കാനാകാത്ത ഓർമകളും കൂടിയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. അതുവരെ കണ്ടുവന്നിരുന്ന സ്ഥിരം പ്രണയകഥകളെ അൽഫോൻസ് പുത്രനെ എന്ന സംവിധായകൻ മാറ്റിയെഴുതിയപ്പോൾ പുത്തൻ സിനിമാകാഴ്ചയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇന്ന് പത്ത് വർഷം കഴിയുമ്പോഴും പ്രേമം മലയാളികൾക്ക് പ്രിയപ്പെട്ടതായി തുടരുന്നു. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇതുവരെ റിലീസ് ചെയ്യാതിരുന്ന സിനിമയിലെ സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ നിവിൻ പോളി.

ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകളും ബിഹൈൻഡ് ദി സീൻ ചിത്രങ്ങളുമാണ് നിവിൻ പങ്കുവെച്ചിരിക്കുന്നത്. സായി പല്ലവിയുടെ മലർ മിസ്സും ജോർജും തമ്മിലുള്ള മുഹൂർത്തങ്ങളും അനുപമയ്ക്കും മഡോണക്കും ഒപ്പമുള്ള ചിത്രങ്ങളും നിവിൻ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ചിത്രങ്ങളിലെ മറ്റു അഭിനേതാക്കൾക്കൊപ്പമുള്ള സെൽഫിയും താരം ഷെയർ ചെയ്തിട്ടുണ്ട്. സിനിമയുടെ സീനുകൾ വിവരിച്ചുകൊടുക്കുന്ന അൽഫോൻസ് പുത്രനെയും ചിത്രങ്ങളിൽ കാണാം.

'അൽഫോൻസ് പുത്രൻ മാജിക്, നമ്മൾ ഒരുമിച്ച് നെയ്തെടുത്ത ഓർമ്മകൾ, പ്രേമത്തിന്റെ ഇന്നും അവസാനിക്കാത്ത ആവേശം. വരും വർഷങ്ങളിലും നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ചേർത്തുനിർത്തിയതിന്, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന് നന്ദി', എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടങ്ങളില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമം സിനിമയില്‍ അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. പുതുമുഖങ്ങളായി എത്തിയ സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ വില പിടിപ്പുള്ള താരങ്ങളായി മാറി.

ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും എന്തിന് കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു. അൽത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വിൽസൺ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും ചിത്രം വന്‍ വിജയം നേടിയിരുന്നു. തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Nivin pauly shares unseen stills from Premam

dot image
To advertise here,contact us
dot image