അടുത്ത റാപ്പ് 'പത്ത് തല', നായകന്‍ രാവണന്‍, അതൊരു 'പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിരിക്കും': വേടന്‍

'രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തിൽ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്'

അടുത്തതായി വരാനിരിക്കുന്ന തന്റെ അടുത്ത ഗാനത്തിനെക്കുറിച്ച് മനസുതുറന്ന് വേടൻ. 'പത്ത് തല' എന്നാണ് പുതിയ ​റാപ്പിന്റെ പേര്. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറഞ്ഞു. രാവണൻ ആണ് പാട്ടിലെ നായകനെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞ് കുറച്ച് പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പോട്ട്ലൈറ്റിന് നൽകിയ അഭിമുഖത്തിൽ വേടൻ പറഞ്ഞു.

'പത്ത് തല' എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആൾക്കാർക്കറിയാം. രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തിൽ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണൻ ആണ് പാട്ടിലെ നായകൻ. 'രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്', വേടൻ പറഞ്ഞു.

ആ പാട്ട് കുറച്ച് പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു. 'തീർച്ചയായും അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയിരിക്കും. വേടൻ ഈസ് എ വാക്കിങ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്', എന്നും വേടൻ പറഞ്ഞു. 'മോണോ ലോവ' എന്ന ഗാനമാണ് അവസാനമാണ് വേടന്റേതായി പുറത്തിറങ്ങിയിരുന്നത്.

തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണ ലോവ'യെ വിശേഷിപ്പിച്ചത്. ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പര്‍വതവും ഇതാണ്. തന്‍റെ പ്രണയത്തെ മോണോലോവ അഗ്നി പര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്‍റെ വരികള്‍. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയിലും വേടൻ ഒരു ഗാനം ആലപിച്ചിരുന്നു. 'വാടാ വേടാ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് റാപ്പർ വേടനാണ്. ജേക്സ് ബിജോയ്‌ ആണ് ഗാനത്തിനായി സംഗീതം നൽകിയിരിക്കുന്നത്. വേടൻ തന്നെയാണ് ഈ ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ ബിജെപി എൻഐഎയ്ക്ക് പരാതി നൽകിയിരുന്നു. മോദി കപട ദേശീയ വാദിയാണെന്ന തരത്തിൽ പാട്ട് പാടിയതിനെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്‍റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയത്.

ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധുവും വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Content Highlights: Vedan talks about his next song

To advertise here,contact us