സന്ദീപ് റെഡ്ഡി വാങ്കയുടെ തീരുമാനം, തൃപ്തിയെ ബോളിവുഡിലെ വൻതാരങ്ങളെ വെല്ലുന്ന നായികയാക്കും; രാം ഗോപാൽ വർമ

തൃപ്തിയെ നായികയാക്കാനുള്ള തീരുമാനം ബോളിവുഡില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ വാക്കുകള്‍

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ചിത്രത്തിലെ നായികാവേഷവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ആദ്യം നായികയായി തീരുമാനിച്ചിരുന്ന ദീപിക പദുക്കോണിനെ മാറ്റി പുതിയ നായികയെ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക കൂടി ചെയ്ത തൃപ്തി ഡിമ്രിയാണ് സ്പരിറ്റിലെ പുതിയ നായിക. ഇപ്പോള്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ തീരുമാനം തൃപ്തിയുടെ കരിയറിലും ബോളിവുഡിലും വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പറയുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

'സന്ദീപ് റെഡ്ഡി വാങ്ക, സ്‌ക്രീന്‍ പ്രസന്‍സിലും പെര്‍ഫോമന്‍സിലും മികച്ച നില്‍ക്കുന്ന നടിയാണ് തൃപ്തി ഡിമ്രി. അനിമലില്‍ താങ്കള്‍ അത് കാണിച്ചു തരികയും ചെയ്തു. സ്പിരിറ്റില്‍ തൃപ്തിയെ നായികയാക്കാനുള്ള താങ്കളുടെ തീരുമാനം അവരെ ബോളിവുഡിലെ ഇപ്പോഴത്തെ വമ്പന്‍ താരങ്ങളെയെല്ലാം വെല്ലുന്ന നായികയാക്കി മാറ്റും. തൃപ്തിയ്ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ 'സ്പിരിറ്റ്' ആകാശം മുട്ടെ പറന്നുയരട്ടെ,' രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.

Hey @imvangasandeep Going by both her tremendous screen presence and performance which you showcased in ANIMAL , I think your decision will make her the NEXT BIG THING IN BOLLWOOD far beyond the current BIGGIES …CONGRAAATS @tripti_dimri23 High Time for your SPIRIT to FLY into… https://t.co/SC9mG9lFfh

അതേസമയം, ദീപിക പദുക്കോണ്‍ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് വിവിധ ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സ്പിരിറ്റ് 2025 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടക്കുകയാണ്.

Content Highlights: Ram Gopal Varma says Tripti Dimri will be next big thing in Bollywood as she becomes heroine in Sandeep Reddy Vanga's Spirit

To advertise here,contact us