കമല് ഹാസനോടുള്ള തന്റെ അടങ്ങാത്ത ആരാധനയെ കുറിച്ച് സംസാരിച്ച് കന്നഡ സൂപ്പര്സ്റ്റാര് ശിവ രാജ്കുമാര്. കമല് ഹാസന് - മണിരത്നം കൂട്ടുക്കെട്ടിലൊരുങ്ങുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില് വെച്ചാണ് കമല് ഹാസനെ കുറിച്ച് ശിവ രാജ്കുമാര് സംസാരിച്ചത്.
കമല് ഹാസനെ ചെറുപ്പത്തില് കണ്ട രസകരമായ അനുഭവവും അദ്ദേഹം വേദിയില് വെച്ച് പങ്കുവെച്ചു. കമല് ഹാസന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമകളെ പറ്റി മോശമായി സംസംസാരിക്കാന് ആരെയും സമ്മതിക്കില്ലായിരുന്നു എന്നും അതിന്റെ പേരില് വഴക്ക് പോലും ഉണ്ടാക്കിയിട്ടുണ്ടെന്നും ശിവ രാജ്കുമാര് പറഞ്ഞു.
കാന്സര് ചികിത്സയുടെ ഭാഗമായി അമേരിക്കയിലായിരുന്ന സമയത്ത് കമല് ഹാസന് തന്നെ ഫോണ് വിളിച്ച് സംസാരിച്ചതിനെ കുറിച്ചും വേദിയില് വെച്ച് ശിവ രാജ്കുമാര് ഓര്ത്തെടുത്ത് പറഞ്ഞു. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കമല് ഹാസന് നായകനാകുന്ന ചിത്രത്തിന്റെ പരിപാടിയിലേക്ക് സ്പെഷ്യല് ഗസ്റ്റായി എത്താന് കഴിഞ്ഞതില് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കമല് ഹാസന്റെ വലിയ ആരാധകനാണ് ഞാന്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന പ്രേക്ഷകരിലൊരാളാണ് ഞാനും. കമല് ഹാസന് സാര് എന്നാല് എനിക്ക് ഉയിരാണ്. അദ്ദേഹത്തിന്റെ കണ്ണുകളും ചിരിയും വ്യക്തിത്വവും എന്നുവേണ്ട എല്ലാമെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്. ഒരിക്കല് അദ്ദേഹം എന്റെ വീട്ടിലേക്ക് വന്ന് സംഭവം നിങ്ങളുമായി പങ്കുവെക്കാന് ഞാന് ആഗ്രഹിക്കുകയാണ്.
അന്ന് അദ്ദേഹം എന്റെ അച്ഛനുമായി ഏറെ നേരം സംസാരിച്ചു. ഞാന് കമല് സാറിനെ നോക്കി അദ്ദേഹം പറയുന്നതും കേട്ടിരിക്കുകയായിരുന്നു. ഞാന് ആരാണെന്ന് കമല് സാര് ചോദിച്ചു, മകനാണെന്ന് അച്ഛന് മറുപടി നല്കി. കമല് സാര് എനിക്ക് കൈ തന്നു സംസാരിച്ചു. എനിക്കൊരു ഹഗ് തരാമോ എന്ന് ഞാന് ചോദിച്ചു, ഓ യെസ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തെ കെട്ടിപ്പിടിച്ച ശേഷം മൂന്ന് ദിവസത്തേക്ക് ഞാന് കുളിച്ചില്ല. അദ്ദേഹത്തിന്റെ വാസന എന്നില് നിന്നും പോകരുത് എന്നായിരുന്നു അന്ന് എന്റെ ആഗ്രഹം.
When I met #KamalHaasan sir at my house with my father, i asked him for a hug & i didn't bath for 3days, because i want his odour on me. After my cancer surgery, Kamal sir called me, I had tears after his call-#Shivarajkumar#ThugLife #ThuglifeAudioLaunch pic.twitter.com/qUmj0bGznA
ഞാന് ഒരുപാട് പേരോട് കമല് ഹാസന്റെ പേരും പറഞ്ഞ് വഴക്ക് പോലും ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പടത്തെ കുറിച്ച് മോശം അഭിപ്രായം പറയാന് ഞാന് ആരെയും സമ്മതിക്കില്ലായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊമോഷന് പരിപാടിയിലേക്ക് എന്നെ സ്പെഷ്യല് ഗസ്റ്റായി വിളിക്കപ്പെട്ടതില് ഒരുപാട് അഭിമാനം തോന്നുന്നുണ്ട്. ഈ അവസരത്തിന് ഒരുപാട് നന്ദി.
കഴിഞ്ഞ ഡിസംബറില് ഒരു സര്ജറിയുടെ ഭാഗമായി ഞാന് മിയാമിയിലായിരുന്നു. ആ സമയത്ത് എനിക്ക് കമല് ഹാസന് സാറിന്റെ ഒരു ഫോണ് കോള് വന്നു. അദ്ദേഹം ആ സമയത്ത് ഷിക്കാഗോയില് വന്നിരുന്നു. അന്ന് അദ്ദേഹം വിളിച്ച് സംസാരിച്ച കാര്യങ്ങള് എനിക്ക് ഇന്നും ഓര്മയുണ്ട്. ആ ഫോണ് കോള് എനിക്ക് നല്കിയ സന്തോഷം ഏറെ വലുതാണ്. ഞാന് കണ്ണുനിറഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന് എന്നോട് സംസാരിക്കുന്നത് പോലെയായിരുന്ന അന്ന് എനിക്ക് തോന്നിയത്. കമല് ഹാസന് സാര് എനിക്ക് നിങ്ങളോട് ഒരുപാട് ആരാധനയും സ്നേഹവും നന്ദിയുമുണ്ട്,' ശിവരാജ് കുമാര് പറഞ്ഞു.
Content Highlights: Actor Shiva Rajkumar shares about a funny incident with Kamal Haasan on Thug Life Audio Launch