ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദി ട്രാൻസ് ഓഫ് കുബേര എന്ന പേരിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്.
നാഗാർജുനയുടെയും ഒരു ഗംഭീര പെർഫോമൻസ് തന്നെയാകും സിനിമയിലേത് എന്നും ടീസർ ഉറപ്പുനൽകുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ രശ്മികയെയും ജിം സർഭിനെയും ടീസറിൽ കാണിക്കുന്നുണ്ട്. ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോേണ് പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷിന്റെയും രശ്മികളുടെയും ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകള് ശ്രദ്ധ നേടിയിരുന്നു.
Content Highlights: Dhanush film Kubera teaser out now