മഹേഷ് നാരായണൻ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു; പോസ്റ്ററുകൾ റെഡിയാണ്, ഇറക്കിയാല്‍ മതി: അരുൺ

മമ്മൂക്കയേയും ലാലേട്ടനെയും ഒരു ഫ്രെയിമിൽ കാണാൻ നമ്മൾ കാത്തിരിക്കുകയല്ലേ, മഹേഷ് ഏട്ടന്റെ മുൻപുള്ള ചിത്രങ്ങൾ പോലെ ഇതും പൊളിയാണ്.

അടുത്ത കാലത്തായി സിനിമകളോടൊപ്പം തന്നെ സിനിമാ പോസ്റ്ററുകളും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കുറുപ്പ്, കണ്ണൂർ സ്‌ക്വാഡ് , ഭ്രമയുഗം തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ നിർമിച്ച് ഫാൻസിനെ ഉണ്ടാക്കിയെടുത്ത കമ്പനിയായി മാറിയിരിക്കുകയാണ് 'ഏസ്‌തെറ്റിക് കുഞ്ഞമ്മ'. മലയാള സിനിമാ പ്രേമികൾ ഉറ്റുനോക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രം. ഈ സിനിമയുടെ പോസ്റ്ററും നിർമിച്ചിരുന്നത് ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്. മഹേഷ് നാരായൺ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടെന്നും സിനിമയിലെ സ്റ്റില്ലുകൾ കണ്ടിട്ടുണ്ടെന്നും പറയുകയാണ് നടനും ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ സ്ഥാപകനുമായ അരുണ്‍ അജികുമാര്‍. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഇനി വരാനുള്ളത് മഹേഷേട്ടന്‍റെ 'എം എം എൻ' എന്ന സിനിമയാണ്. മമ്മൂട്ടിയും ലാലേട്ടനും ഒന്നിക്കുന്ന ഒരടിപൊളി ചിത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമയുടെ പോസ്റ്റർ കുറച്ചുനാൾ മുന്നേ ചെയ്തുവെച്ചിരുന്നതാണ്. ഇനി ഇറക്കിയാൽ മതി. സ്റ്റീൽസ് ഉണ്ട്, അതുമാത്രമല്ല സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടുണ്ട്. വളരെ ആകാംക്ഷ ഉണ്ടാക്കിയിട്ടുള്ള സ്ക്രിപ്റ്റ് ആണ്. മഹേഷ് ഏട്ടന്റെ മുൻപുള്ള ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടിലേ, അതുപോലെ ഇതും പൊളിയാണ്. മമ്മൂക്കയേയും ലാലേട്ടനെയും ഒരു ഫ്രെയിമിൽ കാണാൻ നമ്മൾ കാത്തിരിക്കുകയല്ലേ, ഞാനും എല്ലാവരെയും പോലെ അതിനാണ് കാത്തിരിക്കുന്നത്,' അരുൺ അജികുമാർ പറഞ്ഞു.

അതേസമയം, നവാഗതനായ മനു സ്വരാജ് സംവിധാനത്തിൽ തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന പടക്കളം എന്ന സിനിമയിൽ അരുൺ അജികുമാർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിരി പടര്‍ത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

Content Highlights:  Arun Ajikumar talks about Mahesh Narayanan's movie

To advertise here,contact us