ദളപതിയുടെ 'ജനനായക'നെ വെല്ലാന്‍ ശിവകാര്‍ത്തികേയന്റെ 'പരാശക്തി' എത്തുമോ? മറുപടിയുമായി സുധ കൊങ്കര

ശിവകാര്‍ത്തികേയന്റെ പരാശക്തിയും ദളപതി വിജയ്‌യുടെ ജനനായകനും പൊങ്കല്‍ റിലീസായി എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇതിനിടെ ശിവകാര്‍ത്തികേയന്റെ പരാശക്തിയും ദളപതി വിജയ്‌യുടെ ജനനായകനും പൊങ്കല്‍ റിലീസായി എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയത്തില്‍ ഇതിനോടകം പ്രവേശിച്ചുകഴിഞ്ഞ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രമായ ജനനായകന് ക്ലാഷായി ശിവ കാര്‍ത്തികേയന്റെ ചിത്രം വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായിക സുധ കൊങ്കര. ജനനായകനുമായി പരാശക്തി ക്ലാഷിനെത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് സുധ. പരാശക്തിയുടെ ഷൂട്ടിങ് ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പറഞ്ഞ സുധ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

#Watch |"சிவகார்த்திகேயனுக்காக Waiting.." - 'பராசக்தி' அப்டேட் கொடுத்த இயக்குநர் சுதா கொங்கரா!#SunNews | #Parasakthi | @Siva_Kartikeyan | @Sudha_Kongara pic.twitter.com/F4b2lkEfPC

സിനിമയുടെ റിലീസ് ഡേറ്റ് എനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല. നിര്‍മ്മാതാക്കളും മറ്റുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ജനനായകനും പരാശക്തിയും തമ്മില്‍ ക്ലാഷുണ്ടാവുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല', സുധ കൊങ്കര മാധ്യമങ്ങളോടായി പറഞ്ഞു.

2026 ജനുവരി 9 ആണ് 'ജനനായകന്‍' തിയേറ്ററില്‍ എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാല്‍ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേല്‍ ഉള്ളത്. തമിഴ്നാടിന്റെ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

അതേസമയം ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Sudha Kongara on Parasakthi clashing with Jana Nayagan

To advertise here,contact us