ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1 നായി. സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പരന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
'ഞങ്ങൾ ശരിയായ പാതയിലാണ്, എല്ലാം തീരുമാനിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഞങ്ങളെ വിശ്വസിക്കൂ, കാത്തിരിപ്പ് വെറുതെയാകില്ല. ഊഹാപോഹങ്ങൾ ഒഴിവാക്കാനും സ്ഥിരീകരിക്കാത്ത അപ്ഡേറ്റുകൾ പങ്കിടുന്നത് ഒഴിവാക്കാനും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു', എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
We’re right on track, and everything is progressing as planned.#KantaraChapter1 will release in theatres worldwide on October 2, 2025. Trust us, it’ll be worth the wait.We kindly urge everyone to avoid speculation and refrain from sharing unverified updates.ಕಾಂತಾರದ ದರ್ಶನ…
2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബിനെ തേടിയെത്തിയിരുന്നു.
ഈ സിനിമയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: Kantara team says that the movie will release on October 2