'വൻ നഷ്ടമുണ്ടായി, പരേഷ് റാവൽ 25 കോടി നൽകിയില്ലെങ്കിൽ നിയമനടപടി'; അക്ഷയ് കുമാറിന്റെ ലീഗൽ ടീം

'ഈ പിൻവാങ്ങൽ മൂലം നിർമാണ കമ്പനിക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടായി'

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയിൽ നിന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ പിന്മാറിയെന്ന വാർത്തകൾ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് ഇടവെച്ചിരിക്കുകയാണ്. നടൻ സിനിമയിൽ നിന്ന് പിന്മാറിയതിനെ പിന്നാലെ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയുമുണ്ടായി. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ലീഗൽ ടീം.

2025 ജനുവരി 30-ന് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ സിനിമയുടെ ഭാഗമാകുന്നതായി പരേഷ് റാവൽ പരസ്യമായി അറിയിച്ചിരുന്നു. 2025 മാർച്ച് 27-ന് അദ്ദേഹവുമായി കരാറിലെത്തുകയും, അതനുസരിച്ച് പ്രതിഫലമായി 11 ലക്ഷം രൂപ ഭാഗികമായി നൽകുകയുമുണ്ടായി. അത് പ്രകാരം നിർമാണ കമ്പനി ടീസർ ഉൾപ്പടെയുള്ളവയ്ക്ക് പണം മുടക്കി. 2025 ഏപ്രിൽ മൂന്നിനാണ് പരേഷ് റാവൽ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരുൾപ്പെടുന്ന ടീസർ ചിത്രീകരണം നടന്നത്. ഈ കാലയളവിൽ ഒരു ഘട്ടത്തിലും ക്രിയേറ്റിവായ വിഷയങ്ങളെക്കുറിച്ച് റാവൽ ആശങ്കകൾ ഉന്നയിച്ചിട്ടില്ല എന്ന് ലീഗല്‍ ടീം വ്യക്തമാക്കുന്നു.

ടീസർ ഉൾപ്പടെയുള്ളവയ്ക്ക് പണം ചെലവഴിച്ചതിന് ശേഷമാണ് അവ്യക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റാവൽ പെട്ടെന്ന് സിനിമയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചത്. പെട്ടെന്നുള്ളതും ഒരു ന്യായവും അവകാശപ്പെടാനില്ലാത്തതുമായ ഈ പിൻവാങ്ങൽ മൂലം നിർമാണ കമ്പനിക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടായി. ഈ കാരണത്താലാണ് കേപ്പ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലിൽ നിന്ന് 25 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകാത്തപക്ഷം കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ലീഗൽ ടീം വ്യക്തമാക്കി.

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് പിന്മാറുന്നതായി പരേഷ് റാവൽ ഔദ്യോഗികമായി അറിയിക്കുകയും തുടർന്ന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു.

Content Highlights: Akshay Kumar's legal team response on Hera Pheri 3 issue

To advertise here,contact us