'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം'; ഹൃദയപൂര്‍വ്വം ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് മോഹന്‍ലാല്‍

പോസ്റ്റര്‍ തന്നെ പക്കാ ഫീല്‍ ഗുഡ് ഫീല്‍ നല്‍കുന്നു എന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ വന്നിരിക്കുന്നത്.

'ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം' എന്ന വരികള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റര്‍ തന്നെ പക്കാ ഫീല്‍ ഗുഡ് ഫീല്‍ നല്‍കുന്നു എന്നാണ് കമന്റുകള്‍.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'ഇനി ബിഗ് സ്‌ക്രീനില്‍ കാണാം' എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.

'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights: Mohanlal - Sathyan Anthikkad Hridayapoorvam movie first look out

To advertise here,contact us