മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ വേളയിൽ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് മോഹൻലാലിന് ദുൽഖർ പിറന്നാൾ ആശംസകൾ നേർന്നത്.
'നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് ആരോഗ്യം, സമാധാനം, കൂടുതൽ മനോഹരമായ സിനിമകൾ, കാലാതീതമായ വേഷങ്ങൾ എന്നിവ ലഭിക്കാൻ പ്രാർത്ഥിക്കുന്നു,' എന്ന് ദുൽഖർ സൽമാൻ കുറിച്ചു.
ദുൽഖറിന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയൻ ഉൾപ്പടെ നിരവധിപ്പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം രണ്ടു വമ്പൻ വിജയങ്ങളുമായി മോഹൻലാൽ തന്റെ തിരിച്ചുവരവ് അറിയിച്ച വർഷം കൂടിയാണിത്. എമ്പുരാൻ, തുടരും എന്നീ സിനിമകൾ മലയാള സിനിമയിലെ തന്നെ ഒട്ടുമുക്കാൽ റെക്കോർഡുകളും മറികടന്നു കഴിഞ്ഞു.
ഹൃദയപൂർവ്വം എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Dulquer Salmaan wishes Happy Birthday to Mohanlal