ഏറെ പ്രതീക്ഷകളുമായെത്തി തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്'. സിനിമയ്ക്കായി നടൻ നടത്തിയ ശാരീരിക പരിവർത്തനങ്ങളൊക്കെ വലിയ ചർച്ചാവിഷയവുമായിരുന്നു. ഇപ്പോൾ ആ സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട. കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആ സിനിമയെക്കുറിച്ച് തനിക്ക് ഖേദമില്ലെന്നും നടൻ പറഞ്ഞു.
'ആ കഥാപാത്രത്തോട് എനിക്ക് അതിയായ അഭിനിവേശമുണ്ടായിരുന്നു. കഥാപാത്രത്തിനായി ആയോധനകലകൾ പഠിക്കുക, ഫിസിക്കൽ ട്രാൻസ്ഫർമേഷൻ നടത്തുക എന്നിങ്ങനെ പലതും ഞാൻ ചെയ്തു. ആ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് ഞാൻ ഏറെ ആസ്വദിക്കുകയും ചെയ്തു,' വിജയ് ദേവരകൊണ്ട പറഞ്ഞു.
'ചെറുപ്പത്തിൽ ഞാൻ സംവിധായകൻ പുരി ജഗന്നാഥിന്റെ വലിയ ആരാധകനായിരുന്നു. മഹേഷ് ബാബു സാറിനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത പോക്കിരി എന്ന സിനിമ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. അതൊരു മികച്ച ഐഡിയ ആയിരുന്നു. എന്നാൽ നല്ലൊരു സിനിമ ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ആ സിനിമയെക്കുറിച്ച് യാതൊരു ഖേദവുമില്ല,' എന്നും വിജയ് പറഞ്ഞു.
മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്' വേഷമിട്ടത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്' എന്ന ചിത്രം പ്രദര്ശനത്തിന് എത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്ശനത്തിന് എത്തി. സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ് ചിത്രത്തില് അതിഥി താരമായും എത്തി. അനന്യ പാണ്ഡെ ആണ് ചിത്രത്തില് നായികയായി എത്തിയത്.
Content Highlights: Vijay Deverakonda talks about the failure of Liger movie