'തലോടും താനേ കഥ തുടരും…' തിയേറ്ററുകളിൽ കയ്യടി കിട്ടിയ മോഹൻലാൽ-വിജയ് സേതുപതി ഫോട്ടോ ഇതാ

വിജയ് സേതുപതിയുടെ അനുമതിയോടെയാണ് ആ ചിത്രങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്ന് തരുൺ മൂർത്തി തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശോഭന, തമിഴ് സംവിധായകൻ ഭാരതിരാജ തുടങ്ങിയവർ അണിനിരക്കുന്ന സിനിമയിൽ തമിഴ് നടൻ വിജയ് സേതുപതിയും ഫോട്ടോ സാന്നിധ്യമായി എത്തിയിരുന്നു. ഷണ്മുഖന്റെ പഴയകാല സുഹൃത്തായാണ് വിജയ് സേതുപതിയെ സിനിമയിൽ കാണിക്കുന്നത്. മോഹൻലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് തിയേറ്ററിൽ വലിയ കയ്യടിയും ലഭിച്ചിരുന്നു.

അതിൽ തന്നെ ആരാധകർ ഏറെ ആഘോഷിച്ച ഫോട്ടോയായിരുന്നു തുടരും ടൈറ്റിൽ സോങ്ങിൽ കാണിക്കുന്ന ഇരുവരുടേയും ഫോട്ടോ. ചെന്നൈയില്‍ ഫൈറ്റേഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇപ്പോൾ ആ ചിത്രം മോഹൻലാൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 'ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും…,' എന്ന വരികൾക്കൊപ്പം മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിജയ് സേതുപതിയുടെ അനുമതിയോടെയാണ് ആ ചിത്രങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്ന് തരുൺ മൂർത്തി തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള അദ്ദേഹത്തിന്റെ ആരാധന കൊണ്ടാണ് ഫോട്ടോ ഉപയോഗിക്കാന്‍ വിജയ് സേതുപതി അനുമതി നൽകിയതെന്നും തരുൺ പറഞ്ഞിരുന്നു. 'ലാലേട്ടനോടുള്ള സ്‌നേഹം കാരണമാണ് ആ ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം അനുമതി തന്നത്. ഞങ്ങള്‍ മെയില്‍ അയക്കുകയായിരുന്നു. ലാല്‍ സാറിന്റെ പഴയ സുഹൃത്തായിട്ടാണെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കാമെന്ന് പറഞ്ഞു,' എന്നായിരുന്നു തരുണിന്റെ വാക്കുകൾ.

Content Highlights: Mohanlal shares Thudarum movie pic

To advertise here,contact us