മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന് തുടക്കമായിരിക്കുകയാണ്. ഇന്ന് നടന്ന സിനിമയുടെ പൂജ ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദനും സന്നിഹിതനായിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ഉണ്ണി മുകുന്ദനാണ്. ഈ വേദിയിൽ വെച്ച് ആട് എന്ന സിനിമ തന്റെ കരിയറിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ഉണ്ണി വ്യക്തമാക്കി.
ഒന്നാം ഭാഗം പരാജയപ്പെട്ടപ്പോൾ അതിൽ തളരാതെ രണ്ടാം ഭാഗം ചെയ്തു വിജയിപ്പിച്ച ഫ്രാഞ്ചൈസിയാണ് ആട് എന്നത്. അതിൽ നിന്ന് പ്രചോദനം കൊണ്ടാണ് മാർക്കോ താൻ ചെയ്തത് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആട് 3 ഒരു വലിയ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
'ഒരു പരാജയത്തിൽ നിന്നും ഒരു ബ്രാൻഡായി മാറുക എന്നത് നിസ്സാര കാര്യമല്ല. ആട് ടീമിന് ആശംസകൾ നേരുന്നു. ഇത് ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കട്ടെ. എന്റെ കരിയറിൽ ആട് നേരിട്ടല്ലാതെ സ്വാധീനിച്ച ചിത്രമാണ്. മാർക്കോ എന്ന സിനിമ ചെയ്യണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത് ആട് എന്ന സിനിമയുടെ പരാജയത്തിൽ നിന്ന് ആട് 2 ന്റെ വിജയത്തിലേക്കുള്ള യാത്ര കൊണ്ടാണ്. അത് കണ്ടപ്പോഴാണ് മാർക്കോ ചെയ്താലോ എന്ന് ഞാൻ പലരോടും ചോദിച്ചത്. അന്ന് ആർക്കും അത് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ ആന്റോ ചേട്ടനോട് മാർക്കോ ഞൻ ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെ അതിന് എൻഒസി അദ്ദേഹം നൽകി. അങ്ങനെയാണ് മാർക്കോ ഉണ്ടായത്. അതിനാൽ തന്നെ ആട് 3 വിജയിക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നു,' എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ആട് 3 യുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്ന് മിഥുൻ മാനുവൽ തോമസും പൂജ വേദിയിൽ വെച്ച് അറിയിച്ചു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 ഒരുങ്ങുക എന്നും മിഥുൻ പറഞ്ഞു. 'എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3. എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഈ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്,' എന്നും മിഥുൻ പറഞ്ഞു.
Content Highlights: Unni Mukundan says that Aadu movie was influenced for making Marco