2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റേത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗമായ ജയിലർ 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ ജയിലർ 2വിന് രജനികാന്ത് വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.
ഏകദേശം 260 കോടിയോളം രൂപയാണ് സിനിമയ്ക്കായുള്ള രജനികാന്തിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. കൂലി എന്ന സിനിമയും താരത്തിന്റേതായി റിലീസ് കാത്തുനില്പ്പുണ്ട്. ഈ ചിത്രത്തിനാണ് 260- 280 കോടിയാണ് രജനികാന്ത് വാങ്ങുന്നത് എന്നാണ് സൂചന. തമിഴകത്തെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണ് ഇത്.
അതേസമയം ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ ആദ്യഭാഗത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയവരും കാമിയോ റോളുകളിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ ഇവർ വീണ്ടും എത്തുമെന്ന സൂചനകളുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2 ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന.
ഇവർക്ക് പുറമെ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രീകരണത്തിനായി ഒരാഴ്ച സമയം ബാലയ്യ നൽകിയിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സോഷ്യൽ മീഡിയാ റിപ്പോർട്ടുകൾ. സിനിമയുടെ ആദ്യഭാഗത്തിൽ കാമിയോ റോളിൽ ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാൽ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകൻ നെൽസൺ തന്നെ അറിയിച്ചിരുന്നു. സിനിമയിൽ സസ്പെൻസ് നിറയ്ക്കാൻ ഇനിയും കാമിയോകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Reports on the remunaraton for Rajinikanth in Jailer 2