ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയായ ആട് 3ക്കായി മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. സിനിമയുടെ ഴോണർ സംബന്ധിച്ചും കഥ സംബന്ധിച്ചും പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. അതിൽ ഏറ്റവും അധികം പ്രചരിച്ച ഒരു അഭ്യൂഹമായിരുന്നു ആട് 3 ഒരു സോംബി പടമായിരിക്കും എന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ പൂജ ചടങ്ങിൽ സിനിമയുടെ ഴോണർ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. ആട് 3 ഒരു സോംബി ചിത്രമായിരിക്കില്ല എന്നും എന്നാൽ വ്യത്യസ്തമായ ഴോണറിലായിരിക്കും സിനിമ കഥ പറയുക എന്നും അദ്ദേഹം പറഞ്ഞു.
'ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചുകൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3 ,' എന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ആട് 3 എന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഇ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സി ജി ഒക്കെ വരുന്ന സിനിമയാണ്,' എന്നും മിഥുൻ കൂട്ടിച്ചേർത്തു.
2013 ൽ ജയസൂര്യയെ നായകനാക്കി മിഥുൻ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ആട് ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററിൽ വിജയമാകാതെ പോയ സിനിമ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. സൈജു കുറുപ്പ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് ഈ ഫ്രാഞ്ചൈസി പ്രധാന അഭിനേതാക്കൾ.
Content Highlights: Midhun Manuel Thomas talks about the genre of Aadu 3