മറ്റ് ഹീറോസിന് ഇനി റെസ്റ്റ് എടുക്കാം; ലോകേഷ് കനകരാജ് നായകനായി പുതിയ ചിത്രം വരുന്നു?

ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്

ചുരുക്കം സിനിമകൾ കൊണ്ട് തെന്നിന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തന്റെ ചില സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ക്യാപ്റ്റൻ മില്ലർ ഒരുക്കിയ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ലോകേഷ് നായകനാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുൺ ചെയ്യാനിരുന്നത്. എന്നാൽ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തിൽ ലോകേഷിനെ നായകനാക്കി അരുൺ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ലെറ്റ്സ് സിനിമ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഇനിമേൽ എന്ന മ്യൂസിക് വീഡിയോയിൽ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രുതി ഹാസൻ നായികയായെത്തിയ വീഡിയോയ്ക്ക് സംഗീതം പകരുന്നതും ശ്രുതി തന്നെയാണ്. കമല്‍ ഹാസനായിരുന്നു ഗാനത്തിന് വരികൾ ഒരുക്കിയത്.

അതേസമയം രജനികാന്ത് നായകനായ കൂലി എന്ന സിനിയമയാണ് ലോകേഷിന്റെ സംവിധാനത്തിൽ ഇനി റിലീസ് ചെയ്യാനുള്ളത്. ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Content Highlights: Lokesh Kanagaraj to make his acting debut 

To advertise here,contact us