അന്ത ആളുടെ പടത്തിന് പോസിറ്റീവ് വന്നു, ബോക്സ് ഓഫീസിന്റെ കിളിയും പോയി; കേരളത്തിൽ 100 കോടി അടിച്ച് തുടരും

ഇതോടെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് തുടരും

മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോർഡുകൾ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ഇപ്പോൾ ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടിയിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് തുടരും.

2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്സ് ഓഫീസിലെ കളക്ഷൻ.

മാത്രമല്ല 50 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതുവരെ കേരളത്തിൽ തുടരും തിയേറ്ററിൽ കണ്ടത് എന്നും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.

ആഗോളതലത്തിൽ തുടരും 200 കോടിയിലേക്ക് അടുക്കുകയാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Thudarum crossed 100 crores in Kerala Box Office

To advertise here,contact us