ലാലേട്ടന്‍ പവറില്‍ അടിക്കുന്നത് പോലെ തോന്നും പക്ഷെ, എന്നെ തൊട്ടിട്ടില്ല; എനിക്കദ്ദേഹം വല്യേട്ടന്‍: പ്രകാശ് വർമ

'ലാലേട്ടൻ എന്നെ സംബന്ധിച്ച് എനിക്ക് ഒരു വല്യേട്ടനാണ്. എന്നെ കെട്ടിപ്പിടിച്ച് ചേർത്തുനിർത്തിയ ഫീൽ ആണ് എനിക്ക് ഇപ്പോഴും'

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ മുന്നേറുകയാണ്. മോഹൻലാലിനൊപ്പം സിനിമയിൽ നിറകൈയടി നേടിയ മറ്റൊരാൾ കൂടിയുണ്ട്, സിഐ ജോർജ് സാറായി അഭിനയിച്ച പ്രകാശ് വർമ. നായകനൊത്ത വില്ലൻ വരുമ്പോൾ മാത്രമേ സിനിമയ്ക്ക് വിജയം കണ്ടിട്ടുള്ളൂ. തുടരും സിനിമയുടെ വിജയത്തിന് ഒരു കാരണം പ്രകാശ് വർമ കൂടിയായിരുന്നു. സിനിമയിൽ പവറിൽ കാണുന്ന ഫൈറ്റ് സീനുകളിൽ ഒന്നിൽ പോലും മോഹൻലാൽ തന്റെ ദേഹത്ത് തൊടുന്നില്ലെന്ന് പറയുകയാണ് പ്രകാശ് വർമ. ലാലേട്ടന്‍ തനിക്ക് ഒരു ഏട്ടനെപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ലാലേട്ടന്റെ കൂടെയുള്ള സീക്വൻസുകളിൽ എന്നെ അദ്ദേഹം കൂടുതൽ പ്രോട്ടക്ട് ചെയ്ത അവസ്ഥയാണ് എനിക്ക് തോന്നിയത്. എത്ര ബുദ്ധിമുട്ടുള്ള ആക്ഷൻ ആയിരുന്നാലും, നമുക്ക് ക്യാമറയിൽ വളരെ പവർ തോന്നും, പക്ഷെ ലാലേട്ടൻ എന്റെ ദേഹത്ത് തൊട്ടിട്ടില്ല. എന്നെ പല കാര്യത്തിലും പല സമയത്തും പ്രോട്ടക്ട് ചെയ്ത് പോയിട്ടുണ്ട്. ഇവിടെ നിന്നാല്‍ മതി, അല്ലെങ്കില്‍ ഞാന്‍ വീഴരുത് എനിക്ക് ഒന്നും പറ്റരുതെന്ന ഫീല്‍ ലാലേട്ടന് ഉള്ളതായി ഫീല്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് അദ്ദേഹം എനിക്ക് ഒരു വല്യേട്ടനാണ്. എന്നെ കെട്ടിപിടിച്ച് ചേർത്ത് നിർത്തിയ ഫീൽ ആണ് എനിക്ക് ഇപ്പോഴും തോന്നിയിട്ടുള്ളത്,'പ്രകാശ് വർമ പറഞ്ഞു.

ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്തു. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.

Content Highlights: Prakash Varma talks about the action scenes in the upcoming film

To advertise here,contact us