തെലുങ്ക് ഇൻഡസ്ട്രിയിൽ മികച്ച നടനെന്ന് പേരെടുത്ത അഭിനേതാവ് ആണ് നാനി. 'നാച്ചുറൽ സ്റ്റാർ' എന്നാണ് നാനിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. മികച്ച അഭിനയത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ഓരോ സിനിമകളിലും നാനി പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കാൻ നാനി സിനിമകൾക്ക് സാധിക്കുന്നുണ്ട്. തുടർച്ചയായി നാല് വമ്പൻ ഹിറ്റുകളാണ് നാനി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇതിൽ മൂന്ന് 100 കോടി ക്ലബുകളും ഉൾപ്പെടും.
ശ്രീകാന്ത് ഓഡല സംവിധാനം ചെയ്ത 'ദസറ' ആണ് 100 കോടി ക്ലബിലെത്തിയ ആദ്യ നാനി സിനിമ. 38 കോടി ആയിരുന്നു ദസറ ആദ്യ ദിനം സ്വന്തമാക്കിയത്. മികച്ച പ്രതികരണം നേടിയ സിനിമയിലെ നാനിയുടെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. 121 കോടി ആണ് ദസറ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി എന്നിവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. അതുവരെ കണ്ടുശീലിച്ച നാനി സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു റോ ആക്ഷൻ സിനിമയായിരുന്നു ദസറ.
തൊട്ടുപിന്നാലെയെത്തിയ 'ഹായ് നാന്നാ' എന്ന റൊമാന്റിക് ഡ്രാമ ചിത്രവും ബോക്സ് ഓഫീസിൽ കുതിച്ചുകയറി. 75 കോടിക്ക് മുകളാണ് ചിത്രം വാരിക്കൂട്ടിയത്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും നാനിയുടെയും മൃണാൾ താക്കൂറിന്റെയും പ്രകടനങ്ങളും ചർച്ചയായിരുന്നു. ഹിഷാം അബ്ദുൽ വഹാബ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.
വിവേക് ആത്രേയ ഒരുക്കിയ 'സരിപോദാ ശനിവാരം' ആണ് ബോക്സ് ഓഫീസിൽ വീണ്ടും നാനിയുടെ ശക്തി എടുത്തുകാണിച്ച ചിത്രം. ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായി ഒരുങ്ങിയ സരിപോദാ ശനിവാരം നാനിയുടെ രണ്ടാമത്തെ 100 കോടി പടമായി. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ 19.75 കോടിയിൽ തുടങ്ങിയ സിനിമ 100 കോടി വാരികൂട്ടിയായിട്ടാണ് തിയേറ്റർ വിട്ടത്. ചിത്രത്തിലെ നാനിയുടെയും എസ് ജെ സൂര്യയുടെയും പ്രകടനം ഏറെ കയ്യടി വാങ്ങിയിരുന്നു, ചിത്രത്തിനായി ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതം വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. പ്രിയങ്ക മോഹൻ, സായി കുമാർ, അദിതി ബാലൻ, അഭിരാമി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ശൈലേഷ് കോളാനു സംവിധാനം ചെയ്ത ഹിറ്റ് 3 ആണ് ഇപ്പോൾ തിയേറ്ററിൽ എത്തിയ നാനി ചിത്രം. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടു. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷൻ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പൻ ലാഭമാണ് ചിത്രത്തിന് എല്ലാ മാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ദസറയ്ക്ക് ശേഷം ശ്രീകാന്ത് ഓഡല സംവിധാനം ചെയ്യുന്ന 'ദി പാരഡൈസ്' ആണ് ഇനി പുറത്തിറങ്ങാനുള്ള നാനി സിനിമ. ചിത്രത്തിന്റെ ഗ്ലിമ്പ്സ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു ഗ്ലിമ്പസിന് ലഭിച്ചത്. വളരെ റോ ആയ ഒരു ആക്ഷൻ ചിത്രമാകും ദി പാരഡൈസ് എന്ന സൂചനയാണ് ടീസർ നൽകിയത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രം 2026 മാർച്ച് 26 ന് തിയേറ്ററിലെത്തും.
Content Highlights: Nani films box office reports