ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി തിയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നസ്ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കളക്ഷനിലും വലിയ മുന്നേറ്റമാണ് സിനിമയ്ക്ക് നടത്താനായത്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 71.08 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 20 മലയാളം സിനിമകളുടെ കൂട്ടത്തിൽ ഉടൻ ആലപ്പുഴ ജിംഖാനയും ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ നസ്ലെൻ ചിത്രമാകും ഇത്. 130 കോടി നേടിയ പ്രേമലു നിലവിൽ ലിസ്റ്റിൽ എട്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ നിന്ന് ആലപ്പുഴ ജിംഖാന 42.47 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. സ്പോര്ട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയുടെ മേക്കിങ്ങിനും ബോക്സിങ് സീനുകൾക്കും നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Content Highlights: Alappuzha Gymkhana box office collection report