ആരെയാണ് ഞാൻ ഒറ്റിക്കൊടുത്തത്? പലിശയ്ക്ക് പണമെടുക്കുന്നത് സിനിമയിൽ പതിവ്; സാന്ദ്രയ്‌ക്കെതിരെ ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ ‍കൊതിയും കിതപ്പും കാണുന്നുണ്ടെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു

ആരെയാണ് ഞാൻ ഒറ്റിക്കൊടുത്തത്? പലിശയ്ക്ക് പണമെടുക്കുന്നത് സിനിമയിൽ പതിവ്; സാന്ദ്രയ്‌ക്കെതിരെ ലിസ്റ്റിൻ സ്റ്റീഫൻ
dot image

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം ലിസ്റ്റിൻ സ്റ്റീഫനെതിരെ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്നും ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ ‍കൊതിയും കിതപ്പും കാണുന്നുണ്ടെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തി.

സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ പറഞ്ഞ ഒറ്റ് എന്താണെന്നും ആരെയാണ് താൻ ഒറ്റിക്കൊടുത്തത് എന്ന് മനസിലാകുന്നില്ലെന്നും ലിസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ പറഞ്ഞ ഒറ്റ് എന്താണെന്ന് എനിക്ക് മനസിലായില്ല. മലയാള സിനിമയിലെ കണക്കുകൾ പുറത്തുവിടുന്നത് ഞാൻ അല്ല. ലിസ്റ്റിൻ സ്റ്റീഫൻ എന്ന ഒറ്റ വ്യക്തി മാത്രമല്ല പ്രൊഡ്യൂസഴ്സ് അസോസിയഷനിൽ ഉള്ളത്. 21 പേരടങ്ങുന്ന ഒരു കമ്മിറ്റി ആണത്. അവിടന്ന് എന്റെ സിനിമകളുടെ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിടുന്നത്. ഞാൻ ഈ സംഘടനയിൽ മത്സരിച്ച് വിജയിച്ച് വന്നിരിക്കുന്ന ആളാണ്. ജൂൺ കഴിയുമ്പോൾ ഞങ്ങളുടെ ടേം കഴിയും. താൽപര്യമുള്ളവർക്ക് വരാം മത്സരിക്കാം. പക്ഷേ ഞാൻ മലയാള സിനിമയെ ഒറ്റികൊടുത്തു എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല.'

'ആരെയാണ് ഞാൻ ഒറ്റിക്കൊടുത്തത്? നമ്മുടെ അസോസിയേഷനെ സംബന്ധിച്ച ഒരു പ്രശ്നത്തിൽ ഞാൻ സാന്ദ്ര തോമസിനെ സപ്പോർട്ട് ചെയ്തില്ല. അങ്ങനെ ഞങ്ങൾ പതിനാല് പേർക്കെതിരെ കേസ് കൊടുത്തു. എന്താണ് സാന്ദ്ര ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. പലിശയ്ക്ക് പണമെടുക്കുന്നത് സിനിമ വ്യവസായത്തിൽ പതിവാണ്. നമുക്ക് ഇൻകം ടാക്സ് റെയ്ഡ് വന്നിട്ടുണ്ട്. എത്ര കോടിയാണ് ഞങ്ങൾ ടാക്സ് അടക്കുന്നതെന്ന് ചെക്ക് ചെയ്താൽ മനസിലാകും. ഇതൊന്നും മറച്ചുവച്ചിട്ടല്ല ചെയ്യുന്നത്,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

'ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും' എന്ന ലിസ്റ്റിന്റെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്ര തോമസ് എത്തിയിരുന്നു. ഏത് നടൻ ആണെന്ന് പേരെടുത്ത് പറയാതെ ലിസ്റ്റിൻ ആരോപണം ഉന്നയിച്ചത് മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ ആക്കുകയാണെന്ന് സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. ഈ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ലിസ്റ്റിനെ പുറത്താകണമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Content Highlights: listin Stephen responds sandra thomas facebook post

dot image
To advertise here,contact us
dot image