പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. മികച്ച അഭിപ്രായങ്ങൾ നേടുന്നതിനോടൊപ്പം ഈ സിനിമകളൊക്കെയും ബോക്സ് ഓഫീസിലും വലിയ വിജയങ്ങളാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പാണ്ഡിരാജ്. 'തലൈവൻ തലൈവി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് വിജയ് സേതുപതിയും നിത്യ മേനനും ആണ്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. യോഗി ബാബുവിനെയും ടീസറിൽ കാണാം. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് സേതുപതി ചിത്രം. മെയ് 23 ന് ചിത്രം പുറത്തിറങ്ങും. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് നിത്യ മേനന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമ.
Content Highlights: Vijay Sethupathi Nithya Menen film Thalaivan thalaivi teaser out now